അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹപൂർവ ആഘോഷങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ ചര്‍ച്ചയാണ് . ആഘോഷവേദിയിൽ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം വജ്രം കാണാൻ സാധിച്ചിരുന്നെന്നും ഭക്ഷണത്തിനൊപ്പം സ്വർണം വിളമ്പി എന്നുമുള്ള ബോളിവുഡ് താരം സാറ അലി ഖാന്റെ കമന്റും ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹക്ഷണക്കത്താണ് ശ്രദ്ധ നേടുന്നത് . നിരവധി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും, ക്ഷേത്രങ്ങളുമൊക്കെയായി തികച്ചും വ്യത്യസ്തമാണ് ഈ ക്ഷണക്കത്ത് .
വിളക്കുകൾ കൊണ്ട് അലങ്കരിച്ച പ്രത്യേക ബോക്സിലാണ് ചുവന്ന നിറത്തിൽ അലങ്കരിച്ച വിവാഹ ക്ഷണക്കത്ത്. ക്ഷേത്രവാതിലിന്റെ ആകൃതിയിൽ സൂക്ഷ്മമായി തയ്യാറാക്കിയ ഈ ക്ഷണക്കത്ത് തുറക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ മന്ത്രങ്ങൾ മുഴങ്ങുന്നു. തുടർന്ന് സ്വർണ്ണവർണ്ണത്തിലുള്ള മഹാഗണപതി, കൃഷ്ണനും രാധയും , ദുർഗ്ഗാ ദേവി എന്നിവരുടെ ചെറിയ പ്രതിമകൾ ഉള്ള അലങ്കരിച്ച മനോഹരമായ വെള്ളി ക്ഷേത്രം കാണാം. മികച്ച കൊത്തുപണികൾ കൊണ്ട് നിർമ്മിച്ച ഒരു വെള്ളി പെട്ടിയും കത്തിൽ ഉൾപ്പെടുന്നു. അനന്തിന്റെയും രാധികയുടെയും ആദ്യാക്ഷരങ്ങളുള്ള ഈ കാർഡിൽ നിരവധി ചെറിയ കാർഡുകളും ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ നിരവധി സമ്മാനങ്ങളും ഇതിനോടൊപ്പം വച്ചിട്ടുണ്ട്.















