ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നത് കിണറിൽ നിന്നുമാണ്. കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കിയാൽ മാത്രമേ അതിലെ വെള്ളം ശുദ്ധമാകൂ. ദിവസവും ഉപയോഗിക്കുന്ന കിണർ ആണെങ്കിൽ പോലും ആറുമാസം കൂടുമ്പോൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പൊതുവേ മഴക്കാലത്തിന്റെ അവസാനവും വേനൽക്കാലത്തിന്റെ ആരംഭത്തിലുമാണ് പൊതുവേ കിണർ വൃത്തിയാക്കുന്നത്. എന്നാൽ പലരും മഴക്കാലം ആരംഭിച്ച ശേഷം കിണർ വൃത്തിയാക്കാൻ ഇറങ്ങാറുണ്ട്. ഇത് അപകടം വിളിച്ചു വരുത്തും.
സമയവും കാലവും നോക്കാതെ കിണർ വൃത്തിയാക്കാൻ ഇറങ്ങരുത്. പാറകൾ തെന്നിത്തെറിച്ചാവും കിടക്കുക. മഴക്കാലത്ത് വെള്ളം നന്നായി മണ്ണിനടിയിലേക്ക് ഇറങ്ങുന്നതിനാൽ മണ്ണ് വളരെ കുതിർന്നതായിരിക്കും. അതിനാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. വൃത്തിയാക്കണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാത്രം കളയുക.
വെള്ളം കളഞ്ഞശേഷം ചിരട്ട കത്തിച്ച് ഇടാം. ഇലകളൾ മറ്റും വീണ് കിണറുകളിലെ വെള്ളത്തിന് നിറമുണ്ടാകും. ഈ നിറത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് ചിരട്ട കരിക്ക് ഉണ്ട്. ചുണ്ണാമ്പ് കലക്കിയോ കിഴി കെട്ടിയോ ഇടാവുന്നതുമാണ്. അമ്ലത്വ ഘടകത്തെ നിർവീര്യമാക്കാൻ ചുണ്ണാമ്പ് സഹായിക്കും. കിണറിലെ വെള്ളത്തിന്റെ അളവ് മനസ്സിലാക്കിയശേഷം അതിനാവശ്യമായ രീതിയിൽ ബ്ലീച്ചിങ് പൗഡർ ഇട്ട് ജലം ശുദ്ധീകരിക്കാവുന്നതാണ്. മഴക്കാലത്ത് ഈ രീതിയിൽ മാത്രം കിണർ ശുദ്ധീകരിക്കുക. കിണറിൽ ഇറങ്ങി വൃത്തിയാക്കുന്നതിന് മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.















