തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ പ്രതി അമ്പിളിയുടെ വീട്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ കണ്ടെടുത്തു. ദീപുവിൽ നിന്ന് കവർന്ന പണമാണ് കണ്ടെടുത്തത്. പത്ത് ലക്ഷം രൂപയാണ് ദീപുവിന്റെ കൈവശം ഉണ്ടായിരുന്നത്. ബാക്കി പണം എന്തുചെയ്തെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ദീപുവിന്റെ കഴുത്തറുത്തതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സർജിക്കൽ ബ്ലേഡ് വാങ്ങി നൽകിയ പാറശാല സ്വദേശി സുനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. സർജിക്കൽ ബ്ലേഡും ഗ്ലൗസും ക്ലോറോഫോമും വാങ്ങി നൽകിയത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊലയ്‌ക്ക് ശേഷം കാറിൽ കൂട്ടി കൊണ്ടുവരാൻ എത്തുമെന്ന് സുനിൽ പറഞ്ഞിരുന്നതായി പ്രതി പൊലീസിന് മൊഴി നൽകി. എന്നാൽ കൊലയ്‌ക്ക് ശേഷം സുനിലിനെ കണ്ടിട്ടില്ലെന്നും വിളിച്ചപ്പോൾ മൊബൈൽ ഫോൺ ഓഫായിരുന്നുവെന്നും പ്രതി പറഞ്ഞു.
പണം കൈക്കലാക്കിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു. തുടർന്ന് ദീപു ധരിച്ചിരുന്ന വസ്ത്രവും കത്തിച്ചു. വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.















