മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം. സെൻസെക്‌സ് ആദ്യമായി 470.71 പോയിന്റ് ഉയർന്ന് 79,159.89ലും നിഫ്റ്റി 164.10 പോയിൻറ് ഉയർന്ന് 24,032.90 ലും എത്തി. ബുധനാഴ്ച സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
എന്നാൽ നേരിയ തിരിച്ചടിയോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. സെൻസെക്‌സ് 94.13 പോയിൻ്റ് താഴ്ന്ന് 78,580.12ലും നിഫ്റ്റി 19.25 പോയിൻ്റ് താഴ്ന്ന് 23,849.55ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണി മൊത്തിൽ ദുർബലമായതിന്റെ സൂചനകളാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ ബാങ്കിംഗ്, ഫിനാൻസ് , ടെക്നോളജി, ഹെൽത്ത് കെയർ മേഖലകളിലേക്ക് നിക്ഷേപകർ കൂടുതലായി ചുവടു മാറ്റിയതോടെ വിപണിയിൽ ഉണർവ് പ്രകടമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എക്കാലത്തേയും ഉയരത്തിലാണ് വീണ്ടും വിപണി എത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ നിക്ഷേപകർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമാണ് ഓഹരി വിപണിക്ക് കരുത്തായത്.
കോർപ്പറേറ്റ് വരുമാനം, സുസ്ഥിരമായ വിദേശ നിക്ഷേപം എന്നിവയും റെക്കോർഡ് പ്രകടനത്തിന് കാരണമായി. ആഗോള വിപണി സാമ്പത്തിക അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇന്ത്യൻ വിപണി കാഴ്ചവെക്കുന്നത് റെക്കോർഡ് പ്രകടനമാണ്. ഇത് ശക്തമായ നിക്ഷേപ ലക്ഷ്യസ്ഥാനമായി രാജ്യം വളരുന്നതിന്റെ ശുഭസൂചനകളാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
.















