കയ്‌റോ: ഈജിപ്തിൽ നടന്ന സംയുക്ത സൈനികാഭ്യാസത്തിൽ കരുത്തുകാട്ടി ഇന്ത്യ. സംയുക്ത സൈനിക അഭ്യാസമായ ‘എക്സർസൈസ് ഹോപ്പക്സി’ലാണ് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ പങ്കെടുത്തത്. പ്രതിരോധ മേഖലയിൽ ഉഭയകക്ഷി, പ്രാദേശിക സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സൈനികാഭ്യാസത്തിൽ ഇന്ത്യയുടെ റഫേൽ യുദ്ധ വിമാനങ്ങൾ, സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, IL -78 ടാങ്കറുകൾ എന്നിവ അണി നിരന്നു.
ഇത് നാലാം തവണയാണ് ഇന്ത്യയും ഈജിപ്തും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ജൂൺ 21ന് ആരംഭിച്ച് 6 ദിവസം നീണ്ടുനിന്ന സൈനിക അഭ്യാസം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഈജിപ്തിലെ ഇന്ത്യൻ അംബാസഡർ അജിത് വി ഗുപ്തേ ബെരിഘട്ടിലെ എയർ ബേസിലെത്തി ഐഎഎഫ് സംഘത്തെ സന്ദർശിച്ച് ആശംസകൾ നേർന്നു.
അലാസ്‌കയിൽ നടന്ന ‘റെഡ് ഫ്‌ളാഗ് ‘ സൈനിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷമാണ് ഇന്ത്യൻ വ്യോമസേനാ സംഘം ഈജിപ്തിലെത്തിയത്. ഇക്കഴിഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലെത്തിയപ്പോൾ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.















