ഗാംഗ്ടോക്: സിക്കിമിൽ വെള്ളപ്പൊക്കത്തിൽ തകർന്ന പാലം 72 മണിക്കൂറിനകം പുനഃസ്ഥാപിച്ച് ഇന്ത്യൻ സൈന്യം. 70 അടി നീളത്തിലുള്ള ബെയ്‍ലി പാലമാണ് കനത്ത മഴയിൽ തകർന്നത്. ഭരണകൂടത്തിന്റെ സഹായത്തോടെയാണ് പുനഃനിർമാണം വേഗത്തിൽ പൂർത്തീകരിക്കാനായതെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂൺ 23-നാണ് ബെയ്‌ലി പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ശക്തമായ മഴയെ അതിജീവിച്ചാണ് ഇന്ത്യൻ ആർമി ദിക്‌ചു-സങ്ക്‌ലാങ് റോഡിലെ ബെയ്‌ലി പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്പിലെ എൻജിനീയറിംഗ് വിഭാഗമാണ് നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.
ദിക്‌ചുവിൽ നിന്നും സങ്ക്ലാങിലേക്കുമുള്ള പ്രധാന പാതയാണ് ഈ പാലം. ഇതോടെ മംഗൻ ജില്ലയിലെ ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കാനും സാധിക്കും. പാലത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിച്ച ഇന്ത്യൻ സൈനികരെ സംസ്ഥാന വനം മന്ത്രിയും ദുരന്തനിവാരണ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ പിന്ത്സോ നംഗ്യാൽ ലെപ്ച അഭിനന്ദിച്ചു. മന്ത്രി ഇന്ന് പാലം സന്ദർശിച്ചിരുന്നു.
ജൂൺ 23-ന് ത്രിശക്തി കോർപ്പിലെ എൻജിനീയറിംഗ് വിഭാഗം വടക്കൻ സിക്കിമിലെ 150 അടി നീളത്തിൽ തൂക്കുപാലം നിർമിച്ചിരുന്നു. വെറും 48 മണിക്കൂറിലാണ് സൈന്യം തൂക്കുപാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
ജൂൺ 11-നാണ് സിക്കിമിൽ ദുരിത പെയ്ത് തുടങ്ങിയത്. കനത്ത മഴയിൽ സിക്കിമിലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നിരവധി മേഖലകളിലെ പാലങ്ങളും തകർന്നിരുന്നു.















