ന്യൂഡൽഹി: ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കൻ നാവികസേന പിടികൂടിയ 34 മത്സ്യത്തൊഴിലാളികൾ നിലവിൽ ജുഡീഷ്യൽ റിമാന്റിലാണെന്നും മറ്റ് ആറ് പേർ ശിക്ഷ അനുഭവിച്ച് തടവിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തിൽ വരുന്ന തടസങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
” ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട 34 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണ്. എത്രയും പെട്ടന്ന് കേന്ദ്രസർക്കാർ അവരെ മോചിപ്പിക്കും. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നു. അവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ പരാമവധി ശ്രമിക്കും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.”- എസ് ജയശങ്കർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. പുതുക്കോട്ടയിൽ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളാണ് പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുള്ളതെന്നും അവരെ മോചിപ്പിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു. മത്സ്യബന്ധനത്തിന് പോകുന്നവരെ ശ്രീലങ്കൻ നാവികസേന പിടികൂടുമ്പോൾ അവരുടെ കുടുംബത്തിന്റെ ഉപജീവനമാർഗം മാത്രമല്ല, തീരദേശവാസികളുടെ ജീവിതം തന്നെ അനിശ്ചിത്തിലായിരിക്കുകയാണെന്നും ആളുകളിൽ ഭയം നിഴലിക്കുന്നുണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു.















