ന്യൂഡൽഹി: ഇന്ത്യയുടെ ഭാവി ലക്ഷ്യങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ. ഇത് തീർച്ചയായും ഇന്ത്യയുടെ നൂറ്റാണ്ടാണെന്നും ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിനിധി സംഘത്തോടൊപ്പമാണ് സിംഗപ്പൂർ ഹൈക്കമ്മീഷണർ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തത്. സഹപ്രവർത്തകർക്കൊപ്പം പാർലമെന്റ് പരിസരത്തുവച്ച് പകർത്തിയ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുലർത്തുന്ന സഹകരണം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ വെളിവാക്കുന്നതാണ്.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രധാന സാമ്പത്തിക സാമൂഹിക തീരുമാനങ്ങളും ചരിത്രപരമായ നടപടികളും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് രാഷ്‌ട്രപതി തന്റെ പ്രസംഗത്തിൽ രാജ്യത്തിന് ഉറപ്പു നൽകിയിരുന്നു. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ദ്രൗപദി മുർമു പറഞ്ഞു.















