ഭുവനേശ്വർ: പുത്തൻ നേട്ടം കൈവരിച്ച് ഡിആർഡിഒ. ഹൈ സ്പീഡ് എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റ് (HEAT) ‘അഭ്യാസ്’ ഒരേ സമയം തുടർച്ചയായി ആറ് പരീക്ഷണ വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ചന്ദിപൂരിലായിരുന്നു നിർണായകമായ പരീക്ഷണം. ഇതോടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങളാണ് അഭ്യാസ് പൂർത്തിയാക്കിയത്.
വായു മേഖലയിൽ പ്രതിരോധ സേനയ്‌ക്ക് കരുത്ത് പകരാൻ അഭ്യാസിന് സാധിക്കും. റഡാർ ക്രോസ് സെക്ഷൻ, വിഷ്വൽ- ഇൻഫ്രാറെഡ് ഓഗ്മെൻ്റേഷൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. പരീക്ഷണ വേളയിൽ, ബൂസ്റ്ററിന്റെ സുരക്ഷിതമായ റിലീസ്, ലോഞ്ചർ ക്ലിയറൻസ്, കരുത്ത് തെളിയിക്കപ്പെടുന്ന പ്രകടനം എന്നിവ ഉൾപ്പടെ നിരവധി ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കാൻ അഭ്യാസിന് സാധിച്ചു. 30 മിനിറ്റിന്റെ ഇടവേളയിലാണ് രണ്ട് വിക്ഷേപണങ്ങൾ സാധ്യമാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുറഞ്ഞ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വിക്ഷേപണം നടത്തിയത്.
#WATCH | DRDO’s High Speed Expendable Aerial Target ‘ABHYAS’ successfully completes developmental trials with improved booster configuration pic.twitter.com/Wq5KeKm6Gb
— ANI (@ANI) June 27, 2024
ഡിആർഡിഒയുടെ ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് രൂപകൽപന ചെയ്‌തത്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോയും (L&T) ചേർന്ന് വികസിപ്പിച്ചതാണ് അഭ്യാസ്. മനുഷ്യ സഹായമില്ലാതെ, യന്ത്രങ്ങളുടെയും റോബോട്ടുകളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് ഫ്ലൈറ്റിംഗാണ് അഭ്യാസ് നടത്തുന്നത്. ഓട്ടോ പൈലറ്റ്, ലാപ്‌ടോപ്പ് അധിഷ്ഠിത ഗ്രൗണ്ട് കൺട്രോൾ സിസ്റ്റം, എയർക്രാഫ്റ്റ് ഇൻ്റഗ്രേഷൻ, പ്രീ-ഫ്ലൈറ്റ് ചെക്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ തദ്ദേശീയ സംവിധാനത്തിലുണ്ട്. പറക്കുന്ന സമയത്ത് തന്നെ അഭ്യാസ് ഓരോ ചെറിയ ഡാറ്റയും സൂക്ഷിക്കുന്നു.
അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിലാണ് അഭ്യാസിന്റെ ബൂസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്. ഇമാറത്തിലെ റിസർച്ച് സെൻ്ററിലാണ് നാവിഗേഷൻ സിസ്റ്റത്തിന്റെ രൂപകൽപന. പരീക്ഷണ വിക്ഷേപണങ്ങൾ വിജയരകരമായ സാഹചര്യത്തിൽ അഭ്യാസ് വ്യാവസായിക ഉത്പാദത്തിന് തയ്യാറാണെന്ന് ഡിആർഡിഒ അറിയിച്ചു.