അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ല; അന്നത്തെ രാഷ്‌ട്രീയത്തെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതില്ല: ന്യായീകരണവുമായി ശശി തരൂർ

Published by
Janam Web Desk

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. 49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമായി ‘ഡ്രഡ്ജ്’ ചെയ്യുന്നത് എന്തിനെന്നും തരൂർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“എൻഡിഎ സർക്കാർ 1975-നെ കുറിച്ചോ 2047-നെ കുറിച്ചോ ആണ് സംസാരിക്കുന്നത്. ഞാൻ അടിയന്തരാവസ്ഥയ്‌ക്കിതിരെ വിമർശിക്കുന്നു. എന്നാൽ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടനയുടെ ചട്ടങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല. അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറയുന്നത് ശരിയല്ല, ഞാൻ ഒരിക്കലും അടിയന്തരാവസ്ഥയെ പിന്തുണയ്‌ക്കുന്നില്ല”.

അടിയന്തരാവസ്ഥയെയും രാഷ്‌ട്രീയത്തെയും കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന എൻഡിഎ സർക്കാരിന്റെ അവകാശവാദത്തെ ഞാൻ വെല്ലുവിളിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു. രാഷ്‌ട്രപതിക്ക് പുറമെ സ്പീക്കർ ഓം ബിർളയും ഉപരാഷ്‌ട്രപതി ജഗ്ധീപ് ധൻകറും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു.

‌‌‌കഴിഞ്ഞ ദിവസം 18-ാം ലോക്സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അടിയന്തരാവസ്ഥ കാലഘട്ടത്തെ രാഷ്‌ട്രപതി ശക്തമായി അപലപിച്ചത്. അടിയന്തരാവസ്ഥാ കാലം ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഇരുണ്ട അദ്ധ്യായമായിരുന്നുവെന്നും രാഷ്‌ട്രപതി വിമർശിച്ചു.

ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷം പിന്നിട്ടിരിക്കുന്നു. ഭരണഘടനയ്‌ക്കെതിരായുള്ള ആക്രമണമായിരുന്നു അത്. ഇതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ ഭരണഘടന വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തിന് വിജയം കണ്ടെത്താൻ സാധിച്ചുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.

Share
Leave a Comment