മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതായി ടാറ്റ ഗ്രൂപ്പ്. 28.6 ബില്യന്‍ ഡോളര്‍ (ഏകദേശം 2.38 ലക്ഷം കോടി രൂപ) മൂല്യവുമായാണ് ടാറ്റ ഒന്നാം സ്ഥാനം നിലനിറുത്തിയത്. ഗ്രൂപ്പിന്റെ കീഴിലുള്ള താജ് ഹോട്ടല്‍ ഏറ്റവും ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡ് പദവി സ്വന്തമാക്കി. 30 ബില്യൺ ബ്രാന്‍ഡ് മൂല്യത്തോട് അടുത്ത ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റ ഗ്രൂപ്പ്. മൂല്യനിര്‍ണയ ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഒമ്പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 14.2 ബില്യൺ ഡോളര്‍ (ഏകദേശം 1.18 ലക്ഷം കോടി രൂപ) മൂല്യവുമായി പട്ടികയിൽ ഇന്‍ഫോസിസ് രണ്ടാം സ്ഥാനത്താണ്. 10.4 ബില്യന്‍ ഡോളര്‍ (ഏകദേശം 88,400 കോടി രൂപ) മൂല്യവുമായി എച്ച്ഡിഎഫ്സി മൂന്നാം സ്ഥാനം സ്വന്തമാക്കി.
ബ്രാന്‍ഡ് മൂല്യത്തോടൊപ്പം കമ്പനികളുടെ വിപണിയിലെ നിക്ഷേപം, ബ്രാന്‍ഡിനെ എത്ര പേര്‍ക്ക് അറിയാം, വിശ്വാസ്യത, ജീവനക്കാരുടെ സംതൃപ്തി, പ്രവര്‍ത്തന പാരമ്പര്യം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ ബ്രാന്‍ഡ് സ്ട്രെംഗ്ത് ഇന്‍ഡക്സിന്റെ (ബി.എസ്.ഐ) അടിസ്ഥാനത്തിലാണ് പട്ടിക പുറത്തിറക്കിയത്.
എൽഐസി ഗ്രൂപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ ഗ്രൂപ്പ്, എയർടെൽ, എച്ച്സിഎൽ ടെക്, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര, സെറ്റ്വെർക്ക് എന്നിവയും മുൻനിര ഇന്ത്യൻ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. പട്ടികയിൽ HCL ടെക് എട്ടാം സ്ഥാനത്തും ലാർസൻ ആൻഡ് ടൂബ്രോ 9-ാം സ്ഥാനത്താണ്.