ജിയോയുടെ ചുവടുപിടിച്ച് എയർടെല്ലും. കോൾ, ഡാറ്റ താരിഫ് നിരക്കുകൾ കൂട്ടി. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയർടെൽ വർദ്ധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും. എയർടെല്ലിന്റെ നിരക്ക് വർദ്ധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരും.
28 ദിവസത്തെ വാലിഡിറ്റിയുള്ള പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭ്യമായിരുന്ന 179 രൂപയുടെ പ്ലാനിന്റെ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഇനി 199 രൂപ ചെലവാകും. 84 ദിവസത്തെ 455 രൂപയുടെ പ്ലാൻ 509 രൂപയാക്കി ഉയർത്തി. വസം ഒരു ജിബി ഡാറ്റ മുതൽ മുകളിലേക്ക് വിവിധ വാലിഡിറ്റികളിലുള്ള പ്രീ-പെയ്‌ഡ് റീചാർജ് പ്ലാനുകളുടെ തുകയിലും വലിയ മാറ്റം വന്നിട്ടുണ്ട്.
ഇന്നലെയാണ് ജിയോ നിരക്ക് വർദ്ധിപ്പിച്ചത്. 12.5 ശതമാനം മുതൽ 25 ശതമാനം വരെയാണ് ജിയോ നിരക്ക് വർദ്ധിപ്പിച്ചത്. ജിയോയുടെ 1,599 രൂപയുടെ വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും. 340 രൂപയുടെ വർദ്ധനയാണ് പ്ലാനിൽ ഉണ്ടായിരിക്കുന്നത്. പ്രതിമാസം രണ്ട് ജിബി ലഭ്യമാക്കിയിരുന്ന 155 രൂപയുടെ പ്ലാൻ 189 രൂപയാകും. 299 രൂപയുടെ പ്ലാൻ 349 രൂപയായി. ഇതിന്റെ ചുവടുപിടിച്ച് വിഐയും നിരക്ക് കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ട്.