അമർനാഥ് യാത്രയ്‌ക്ക് നാളെ തുടക്കം; സുരക്ഷ ശക്തമാക്കി സിആർപിഎഫ്

Published by
Janam Web Desk

ശ്രീന​ഗർ: നാളെ ആരംഭിക്കാനിരിക്കുന്ന അമർനാഥ് യാത്രയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സിആർപിഎഫ്. ജമ്മുകശ്മീർ പൊലീസുമായി ചേർന്നാണ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നത്. എല്ലാ യാത്രാ റൂട്ടിലും പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സേന അറിയിച്ചു.

കശ്മീരിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പൊലീസ്, സിആർപിഎഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, മറ്റ് പാരാ മിലിട്ടറി സേനകൾ എന്നിവയിൽ നിന്നും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോ​ഗസ്ഥരെയാണ് യാത്രാപാതയിൽ വിന്യസിച്ചിരിക്കുന്നത്.

അമർനാഥിലേക്കുള്ള റൂട്ടിൽ സൈനികർ ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യോമസേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോ​ഗിച്ച് പരിശോധനകൾ നടന്നുവരികയാണ്. ദേശീയ പാതകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടക്കുന്നവയിൽ സംശയാസ്പദമായി തോന്നുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കും.

‌സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനെത്തിയ കശ്മീർ സോൺ പൊലീസ് മേധാവി വികെ ബിർഡി സുരക്ഷാ നടപടികളെ കുറിച്ച് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് അദ്ദേഹം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

Share
Leave a Comment