കണ്ണൂർ: സിപിഎമ്മിനകത്തെ പൊട്ടിത്തെറികൾക്ക് പിന്നാലെ പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് കോൺഗ്രസിലേക്ക് ക്ഷണം. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് മനുവിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. സ്വന്തം നിലപാടുകൾ പറഞ്ഞ വ്യക്തിയാണ് മനു തോമസെന്നും ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ് അദ്ദേഹം നിൽക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
മനു തോമസ് കോൺഗ്രസിലേക്ക് വരാൻ തയ്യാറാണെങ്കിൽ പാർട്ടിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്. മനു തോമസിന്റെ വിഷയം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായതിന് പിന്നാലെയാണ് മനുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.
പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്ന മനു മെമ്പർഷിപ്പ് പുതുക്കാതെ സ്വാഭാവികമായി സിപിഎമ്മിൽ നിന്ന് പുറത്തുപോകുകയായിരുന്നു. പുറത്തായ ശേഷം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചത്. ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടിയുടെ ബന്ധമാണ് താൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് മനു തോമസ് പറഞ്ഞു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളി പറഞ്ഞെങ്കിലും ഇപ്പോഴും അവരുമായി ബന്ധമുണ്ടെന്ന് മനു ആരോപിച്ചു.
പി ജയരാജനും മനുവിന്റെ ആരോപണങ്ങൾ ഏറ്റെടുത്തതോടെ പ്രതിരോധവും ഭീഷണിയുമായി റെഡ് ആർമി ഗ്രൂപ്പും ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കരിയും രംഗത്തെത്തിയിരുന്നു. ഇതിനിടിയിലാണ് കോൺഗ്രസിന്റെ ക്ഷണം.