സ്തനാർബുദം സ്ഥിരീകരിച്ച വിവരം പങ്കുവെച്ച് മിനിസ്ക്രീൻ പ്രക്ഷകരുടെ പ്രിയ താരം ഹിന ഖാൻ. രോഗത്തിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ നടി പറഞ്ഞു.
കുറച്ച് നാളുകളായി പ്രചരിക്കുന്ന ഒരു കിംവദന്തിയെക്കുറിച്ച് എല്ലാവരോടുമായി പ്രധാനപ്പെട്ടൊരു വാർത്ത പങ്കുവെക്കാനുണ്ട്. എനിക്ക് സ്റ്റേജ് ത്രീ സ്തനാർബുദമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിലും ഞാൻ നന്നായിരിക്കുന്നുവെന്ന് അറിയിക്കുന്നു. ചികിത്സ തുടങ്ങിക്കഴിഞ്ഞു. ഈ അസുഖത്തെ നിശ്ചയദാർഢ്യത്തോടെ അതിജീവിക്കാൻ ഞാൻ കരുത്തയാണ്. പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയാറാണ്’’–ഇൻസ്റ്റഗ്രാമിൽ ഹിന കുറിച്ചു.
തന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും നടി പറഞ്ഞു. ഇതേ സാഹചര്യത്തിലൂടെ കടന്നുപോയവരുടെ വ്യക്തിപരമായ അനുഭവങ്ങളും നിർദേശങ്ങളും വിലമതിക്കാനാകാത്തതാണെന്നും താരം പറഞ്ഞു.
ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് ഹിന. യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന പരമ്പരയിലൂടെയാണ് നടി പ്രക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. പിന്നാലെ താരം ബിഗ് ബോസ് സീസൺ 11 ൽ മത്സരാർത്ഥിയായി.