ഷിംല: ഷിംലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസവും കനത്ത മഴയാണ് ഷിംലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്. ജുബ്ബർഹാട്ടിയിൽ സ്ഥിതിചെയ്യുന്ന ഹിമാചലിലെ ആഭ്യന്തര വിമാനത്താവളത്തിൽ 136 മില്ലീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഷിംലയിലെ മറ്റുപ്രദേശങ്ങളിൽ 84.3 മില്ലീ മീറ്റർ മഴയും ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറഞ്ഞു.
വരും ദിവസങ്ങളിലും ഹിമാചൽ പ്രദേശിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 72 മണിക്കൂറിൽ ഷിംല, ചാമ്പ, ബിലാസ്പൂർ, കുളു, മാണ്ഡി, സിർമൗർ, സോളൻ ജില്ലകളിൽ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ 31 വരെ ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.
ഇന്നലെ പെയ്ത മഴയിൽ ഷിംലയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. റോഡുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് പലയിടത്തും വാഹന ഗതാഗതം തടസ്സപ്പെട്ടു. കാംഗ്ര ഗ്രാമത്തിലെ പാലം മഴയിൽ തകർന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പിഡബ്ള്യുഡി ജീവനക്കാരുടെ അവധി അപേക്ഷകൾ റദ്ദാക്കി. എല്ലാവരോടും ജോലിയിൽ പ്രവേശിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്.