കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്തവർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് സ്പെഷ്യൽ ഡ്യൂട്ടി ചെയ്തത്.
PSC കോച്ചിങ് അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിച്ചാണ് വിദ്യാർത്ഥികൾ സ്പെഷ്യൽ പൊലീസ് ഓഫീസറായി ജോലി ചെയ്തത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി രണ്ട് ദിവസത്തെ സുരക്ഷാ ജോലി നിർവഹിച്ചു. 2600 രൂപയാണ് പ്രതിഫലം. എന്നാൽ ഒരു രൂപപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
മുൻവശങ്ങളിൽ തുക കൃത്യമായി കിട്ടിയിരുന്നുവെന്നും ഇത്തവണയാണ് ഇങ്ങനെയൊരു പ്രശ്‌നം നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. എസ്പിസി,എൻസിസി തുടങ്ങിയവയിൽ പ്രവർത്തിച്ചവർക്കായിരുന്നു സ്പെഷ്യൽ ഡ്യൂട്ടി ചെയ്യാൻ അവസരം ലഭിച്ചത്. പ്രതിഫലം കിട്ടാനായി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളെ സമീപിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ട് തീർന്നെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മറുപടി.