മുംബൈ: ഒരു ജോഡി സ്ലിപ്പർ ഓർഡർ ചെയ്ത് കാത്തിരുന്ന യുവാവിന് ആറു വർഷങ്ങൾക്കിപ്പുറം ഫ്ലിപ്പ്കാർട്ട് ജീവനക്കാരുടെ വിളിയെത്തി. മുംബൈയിലെ അഹ്സാൻ ഖർബായ് എന്ന യുവാവിനാണ് ഈ രസകരമായ അനുഭവമുണ്ടായത്.
2018 മെയ് 16 നാണ് അഹ്സാൻ ഫ്ലിപ്പ്കാർട്ടിൽ ഒരു ജോഡി സ്പാർക്സ് സ്ലിപ്പറുകൾ ഓർഡർ ചെയ്തത്. എന്നാൽ ലഭ്യമാകുമെന്ന് പറഞ്ഞ ദിവസമായിട്ടും സ്ലിപ്പറുകൾ കിട്ടിയിരുന്നില്ല. ക്യാഷ് ഓൺ ഡെലിവറി ആയിരുന്നതിനാൽ യുവാവ് പിന്നീട് ഇതിനെക്കുറിച്ച് ആലോചിച്ച് സമയം കളഞ്ഞില്ല. എന്നാൽ ആറുവർഷങ്ങൾക്കിപ്പുറം ഫ്ലിപ്പ്കാർട്ട് അധികൃതർ ബന്ധപ്പെട്ടതാണ് യുവാവിനെ അത്ഭുതപ്പെടുത്തിയത്.
485 രൂപ വിലയുള്ള സ്ലിപ്പറുകളാണ് യുവാവ് ഓർഡർ ചെയ്തിരുന്നത്. ആറ് വർഷങ്ങൾ കഴിഞ്ഞ് ഓർഡർ വിവരങ്ങൾ തിരക്കി വിളിച്ചിട്ടും അഹ്‌സാന് സ്ലിപ്പർ ലഭിച്ചില്ലെന്നതാണ് മറ്റൊരു രസകരമായ വസ്തുത. ഓർഡർ വിശദശാംശങ്ങൾ സാമൂഹിക മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചുകൊണ്ട് അഹ്സാൻ തന്നെയാണ് സംഭവം വിവരിച്ചത്. സേവനം ലഭ്യമാക്കാൻ സാധിക്കാത്തതിൽ കമ്പനി അധികൃതർ ക്ഷമ ചോദിച്ചതായും യുവാവ് പറഞ്ഞു.