ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 146 വിദ്യാർത്ഥികൾ യൂറോപ്പിലെ സ്കോളർഷിപ്പ് പദ്ധതിക്ക് അർഹരായെന്ന് റിപ്പോർട്ട്. യൂറോപ്പിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം നൽകുന്ന സ്കോളർഷിപ്പായ Erasmus Mundus-നാണ് രാജ്യത്തെ 146 വിദ്യാർത്ഥികൾ അർഹരായത്. ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് ലഭിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 146 പേരിൽ 75 പേർ പെൺകുട്ടികളും 71 പേർ ആൺകുട്ടികളുമാണ്.
137 രാജ്യങ്ങളിൽ നിന്നുള്ള 2,603 വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് നൽകുന്ന സ്റ്റഡി പ്രോഗ്രാമാണ് Erasmus Mundus. 2004 മുതലാണ് ഇത് ആരംഭിച്ചത്. പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് ഇന്ത്യ. പദ്ധതി ആരംഭിച്ച കാലം മുതൽ ഏതാണ്ട് ആറായിരത്തിലധികം ഹ്രസ്വകാല-ദീർഘകാല സ്കോളർഷിപ്പുകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പ്രതിനിധി സംഘമാണ് സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സ്റ്റികളിൽ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും അവസരം നൽകുന്നതാണ് സ്കോളർഷിപ്പ്.