തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ നേർന്നതിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയവർക്ക് ഷമ്മി തിലകൻ നൽകിയ മറുപടി വൈറൽ. സുരേഷ് ഗോപിക്ക് ആശംസ നേർന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു കമന്റിലൂടെ സംഘടിത ആക്രമണം. ഇതിലൊരു കമന്റിന് നൽകിയ മറുപടിയാണ് വൈറലായത്.
അച്ഛനും നടനുമായിരുന്ന തിലകനെ അധിക്ഷേപിക്കുന്ന തരത്തിലുളള കമന്റുകൾക്കാണ് ഷമ്മി തിലകൻ കൂടുതലും മറുപടി നൽകിയിരിക്കുന്നത്. ഇതിലൊന്നാണ് വൈറലായത്. തിലകൻ ചേട്ടന് പറ്റിയ ഒരു തെറ്റ് എന്നതായിരുന്നു കമന്റ്. കമന്റ് ഇട്ടയാളുടെ പേരിനൊപ്പം സ്വന്തം സ്ഥലമായ ഇടവയുടെ പേരും ഉണ്ടായിരുന്നു. ഇടവയിൽ ഒരുപാട് തവണ അച്ഛൻ നാടകം കളിക്കാൻ വന്നിട്ടുണ്ട് എന്നായിരുന്നു ഷമ്മിയുടെ മറുപടി. നിമിഷനേരം കൊണ്ട് മറുപടി വൈറലായി. തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലുളള സ്ഥലമാണ് ഇടവ.
മലയാളത്തിലെ മിക്ക നടൻമാരും സുരേഷ് ഗോപിക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ പങ്കുവെച്ചിരുന്നു. എന്നാൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഉൾപ്പെടെ പരാമർശിക്കുന്ന ഷമ്മി തിലകന്റെ ആശംസാപോസ്റ്റിൽ അതിരൂക്ഷമായ സൈബർ ആക്രമണം സംഘടിതമായി അരങ്ങേറുകയായിരുന്നു. സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം ഉൾപ്പെടെ പരാമർശിച്ചായിരുന്നു അധിക്ഷേപ കമന്റുകളിലധികവും.
അതുല്യ നടൻ തിലകനെ മോശമായി ചിത്രീകരിക്കുന്ന കമന്റുകളും അസഭ്യ പ്രയോഗങ്ങളും അതിരുവിട്ടതോടെയാണ് ഷമ്മി തിലകൻ പ്രതികരിച്ചു തുടങ്ങിയത്. ഒഴുക്കിനെതിരെ നീന്തിയ തിലകൻ സാറിന് എന്ത് കാറ്റ് എന്നാണ് ഒരു കമന്റിന് ഷമ്മിയുടെ മറുപടി. തിലകൻ ജീവിച്ചിരുന്നെങ്കിൽ തന്നെ പുറത്താക്കി പിണ്ഡം വെച്ചേനെയെന്ന മറ്റൊരു കമന്റിന് Funny എന്ന ഒറ്റവാക്ക് മറുപടിയാണ് ഷമ്മി നൽകിയിരിക്കുന്നത്.
ഷമ്മിക്ക് പിന്തുണയുമായും നിരവധി പേർ കമന്റ് ബോക്‌സിലെത്തുന്നുണ്ട്. ഇടവ സ്വദേശിയെ ട്രോളിയുളള കമന്റുകളാണ് ഇതിൽ അധികവും. കമന്റ് കാണാനില്ലെന്നും വൈറലായതോടെ ഇയാൾ മുക്കിയെന്നും ഇവർ പറയുന്നു. സൗഹൃദത്തിന്റെ പേരിൽ ആശംസ നേർന്നതിന് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും ഒരുപാട് പേർ ചോദിക്കുന്നുണ്ട്. ഷമ്മിക്ക് പിന്തുണ അറിയിച്ച് 20,000 ത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയും കമന്റിലൂടെ ആശംസയ്‌ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.