ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും. ജൂലൈ 8 നായിരിക്കും സന്ദർശനമെന്നാണാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായുള്ള സജീവമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മോസ്കോയിലെ റഷ്യൻ സർക്കാർ പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു, ഇതിനു പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ഇന്ത്യ കൂടുതൽ വ്യക്തത വരുത്തിയത്.
ഈ വർഷം മെയ് മാസത്തിൽ പുടിൻ അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജൂൺ 9 നാണ് നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2022 ലെ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ റഷ്യ സന്ദര്ശനമായിരിക്കും ഇത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിക്കായി 2021 ലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
2022 സെപ്റ്റംബർ 16 ന് ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ടിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തമാക്കൻ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. വ്യാപാരം ഉൾപ്പെടെ പല നിർണ്ണായക മേഖലകളിലും ഇന്ത്യ റഷ്യയുമായി സഹകരിക്കുന്നുണ്ട്.















