തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോട്ടവാതിലുകൾ നവീകരിക്കാൻ പുരാവസ്തു വകുപ്പ്. കിഴക്കേക്കോട്ട ഒഴികെ ക്ഷേത്രത്തിന് ചുറ്റമുള്ള എല്ലാ കോട്ട വാതിലുകളുടെയും നവീകരണം നടത്താനാണ് പദ്ധതിയിടുന്നത്.
പടിഞ്ഞാറേ കോട്ടവാതിലിന്റെ മുകൾ ഭാഗത്തെ ഗോപുരത്തിന് കേടുപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പടിഞ്ഞാറേ കോട്ടവാതിലിന്റെ മുകൾ ഭാഗത്തെ ഗോപുരങ്ങൾ ഇളകി മാറിയ നിലയിലാണ്. താഴം വീണ് അപകടം ഉണ്ടാകാതിരിക്കാനായി ഇരുമ്പ് പാളികൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇതിന്റെ നവീകരണമാകും ആദ്യം നടത്തുക. പൈതൃക സ്മരകമായ കോട്ടകളുടെയും കോട്ട വാതിലുകളുടെയും സംരക്ഷണത്തിന് 2005-ന് ശേഷം വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല.
ഏറ്റവും മോശമായ അനസ്ഥയിലായിരുന്ന അട്ടക്കുളങ്ങര ഭാഗത്ത് കോട്ടയുടെ നവീകരണം ആരംഭിച്ച് കഴിഞ്ഞു. ചുടുകല്ലുകളാണ് കോട്ട നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കേടായവ മാറ്റിയും കുമ്മായം പൂശിയാണ് കോട്ട നവീകരിക്കുന്നത്. ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കാണ് കോട്ട നിർമിച്ചതെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു. പൈതൃക മേഖലയിൽ കെട്ടിട നിർമാണത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും കോട്ടകളുടെ നിലനിൽപിന് ഭീഷണി സൃഷ്ടിക്കുന്നതായാണ് വിലയിരുത്തൽ.















