ന്യൂയോർക്ക്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്നുതന്നെ ആശുപത്രി വിടുമെന്നും ദലൈലാമയുടെ പേഴ്‌സണൽ ഡോക്ടർ സെതൻ ഡി സദുത്‌ഷാംഗ് പറഞ്ഞു. യുഎസിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ദലൈലാമയുടെ മുട്ടുമാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്‌ക്കുശേഷം ആശുപത്രിയിലെ വിശ്രമ മുറിയിലാണ് നിലവിൽ ദലൈലാമയുള്ളത്. ആരോഗ്യനിലയും ചികിത്സയും തൃപ്തികരമാണെന്നും ഉടൻ തന്നെ ഭക്ഷണം കഴിച്ചു തുടങ്ങുമെന്നും ദലൈലാമയുടെ ആരോഗ്യ സ്ഥിതി വിവരിച്ച് പേഴ്‌സണൽ ഡോക്ടർ എക്‌സിൽ കുറിച്ചു. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ഏറ്റവും മികച്ച സേവനമാണ് അദ്ദേഹത്തിന് ലഭ്യമായതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാൽമുട്ടിലെ ശസ്ത്രക്രിയക്കായി ദലൈലാമ ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്ക് തിരിച്ചത്. യാത്രാമധ്യേ സ്വിറ്റ്‌സർലൻഡിലെത്തിയ ലാമയ്‌ക്ക് പരമ്പരാഗത ടിബറ്റൻ രീതിയിലുള്ള സ്വീകരണം ലഭിച്ചിരുന്നു. മുൻപ് യുഎസിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയിലെത്തിയപ്പോൾ ധർമശാലയിലെത്തി ദലൈലാമയെ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശസ്ത്രക്രിയക്കായി ദലൈലാമ ന്യൂയോർക്കിലേക്ക് പോയത്.