ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അംഗീകാരം. രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയ്‌ക്ക് സുപ്രധാന നേട്ടം. 2024 ജൂൺ 26 നും ജൂൺ 28 നും ഇടയിൽ സിംഗപ്പൂരിൽ നടന്ന എഫ്എടിഎഫ് പ്ലീനറിയിൽ സമ്മേളനമാണ് ഇന്ത്യയെ ‘റെഗുലർ ഫോളോ-അപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ പട്ടികയിൽ ഉൾപ്പെടുന്ന അഞ്ചാമത്തെ ജി20 രാജ്യമാണ് ഇന്ത്യ.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റകൃത്യം എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് 1989-ൽ സ്ഥാപിതമായ ഒരു ആഗോള സ്ഥാപനമാണ് എഫ്എടിഎഫ്. 2010 ലാണ് ഇന്ത്യ എഫ്എടിഎഫിൽ അംഗമായത്. കള്ളപ്പണം, ഭീകരവാദ ഫണ്ടിംഗ് എന്നിവയിൽ നിന്ന് സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ 10 വർഷമായി ഇന്ത്യ നടപ്പിലാക്കിയ ബഹുമുഖ തന്ത്രത്തിനുള്ള അംഗീകാരം കൂടിയാണിത്. ഇറാൻ, ഉത്തരകൊറിയ, മ്യാൻമർ എന്നീ രാജ്യങ്ങളെ എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടായത്. സാമ്പത്തിക ഇടപാടുകളേറെയും ഡിജിറ്റലായി മാറിയതോടെ കള്ളപ്പണത്തിന്റെ കൈമാറ്റം തടയാൻ സഹായിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ ജൻധൻ പദ്ധതി, ആധാർ, യുപിഐ എന്നിവ ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ സഹായകരമായെന്ന് എഫ്എടിഎഫ് വിലയിരുത്തി. കള്ളപ്പണം, ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരെ രാജ്യം നടത്തുന്ന നിർണ്ണായ നീക്കങ്ങൾ എഫ്എടിഎഫിനെ അറിയിക്കാൻ ഒരു ഇന്ത്യൻ പ്രതിനിധി സംഘം ഏപ്രിലിൽ സിംഗപ്പൂർ സന്ദർശിച്ചിരുന്നു.
എഫ്എടിഎഫിന്റെ പ്രത്യേക പട്ടികയിൽ ഇന്ത്യ ഇടം നേടിയത് വളരുന്ന സമ്പദ് വ്യവസ്ഥയ്‌ക്ക് ശക്തി പകരും. ഇത്തരം അന്താരാഷ്‌ട്ര റേറ്റിംഗുകൾ ആഗോള സാമ്പത്തിക വിപണികളിൽ രാജ്യത്തിന്റെ നിലഭദ്രമാക്കാനും വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. കൂടാതെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ആഗോള വിപുലീകരണത്തിനും ഇത് സഹായകരമായും.