തിരുവനന്തപുരം: കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തമായതായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ കണ്ടുകണ്ടുകെട്ടിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് മുമ്പ് രാജ്യത്ത് ധാരാളം വ്യക്തികൾ കള്ളപ്പണക്കേസിൽ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടി പ്രതിയാക്കപ്പെടുന്നത് ആദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ സിപിഎം ‘മികച്ച നേട്ടങ്ങൾ’ കൊയ്യുകയാണ്. കഴിഞ്ഞ രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒറ്റ സീറ്റിൽ ഒതുങ്ങുന്ന പാർട്ടിയായി സിപിഎം മാറി. അതിന്റെ കൂട്ടത്തിലെ പുതിയ പൊൻതൂവലാണ് കള്ളപ്പണക്കേസിലെ പ്രതി സ്ഥാനമെന്ന് വി. മുരളീധരൻ പരിഹസിച്ചു.
ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് കമ്മീഷന്റ നിർദ്ദേശവും അനുസരിച്ച് എല്ലാം രാഷ്‌ട്രീയ പാർട്ടികളും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കമ്മീഷന് സമർപ്പിക്കണം. 2023 ൽ മാർകിസ്റ്റ് പാർട്ടി സമർപ്പിച്ച കണക്കുകളിൽ ഒന്നും ഉൾപ്പെടാത്ത 25 ലധികം അക്കൗണ്ടുകൾ തൃശൂരിലെ ഏരിയ കമ്മിറ്റിയുടേയും ലോക്കൽ കമ്മിറ്റിയുടേയും പേരിൽ ഉള്ളതായി ഇഡി കണ്ടെത്തി. എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന ബാലൻസ് ഷീറ്റിൽ ഈ അക്കൗണ്ടുകൾ സിപിഎം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനയെ കുറിച്ച് വലിയ വേവാലാതി പ്രകടിപ്പിക്കുന്ന ആളുകളാണ് മാർകിസ്റ്റ് നേതാക്കൾ. രാഷ്‌ട്രീയ രംഗത്ത് സുതാര്യത വേണമെന്ന് വീമ്പിളക്കുന്ന ആളുകളാണ്, എന്നാൽ ഈ സുതാര്യത കരുവന്നൂരിലെ പാവപ്പെട്ടവരുടെ പേരിൽ വായ്പയെടുത്ത് അത് പാർട്ടി സ്വത്താക്കി മാറ്റിയപ്പോൾ കണ്ടില്ല. കള്ളപ്പണവും കള്ളനോട്ടും മാത്രമല്ല ക്വട്ടേഷനും മാർകിസ്റ്റ് പാർട്ടി നേതാക്കൾ ഏറ്റെടുത്ത് നടത്തുന്നുവെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ വിളിച്ച് പറയാൻ തുടങ്ങിയിരിക്കുന്നു. കള്ളപ്പണവും സ്വത്തും കണ്ടുകെട്ടുമ്പോൾ മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സായാഹ്ന ധർണ്ണ നടത്തുന്ന സിപിഎം എന്തുകൊണ്ട് ഇത്തരം വിവരങ്ങൾ രാജ്യത്തെ നിയമ വ്യവസ്ഥയിൽ നിന്ന് മറച്ചുവെച്ചുവെന്നതിന് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.















