ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ഓരോ രാശിക്കാർക്കും ക്ഷേത്ര ദർശനത്തിനു വിശേഷമായ പക്കപ്പിറന്നാൾ ദിനങ്ങൾ അറിയാൻ അതാത് വാര/മാസ ഫലങ്ങൾ ശ്രദ്ധിക്കുക.
ഇതും വായിക്കുക
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ശനിദേവൻ വക്രഗതിയിലേക്ക് നീങ്ങുന്ന ഈ വാരാന്ത്യം മുതൽ വരാനിരിക്കുന്ന നാലു മാസക്കാലം ചിങ്ങം രാശിക്കാർക്ക് പൊതുവെ ശുഭകരമായ ഫലങ്ങൾ പ്രദാനം ചെയ്യും. ശത്രുക്കളുടെ മേൽ വിജയം, നിയമപരമായ തർക്കങ്ങളിൽ അനുകൂല തീരുമാനങ്ങൾ, സൽഗുണസമ്പന്നരായ സന്താനങ്ങളുടെ ജനനം, കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ തുടങ്ങി നിരവധി നല്ല കാര്യങ്ങൾ ഈ കാലയളവിൽ പ്രതീക്ഷിക്കാം.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അവിവാഹിതർക്ക് ഈ സമയം ഏറെ അനുകൂലമാണ്. മികച്ച വിവാഹാലോചനകൾ വന്നുചേരുകയും പെട്ടെന്ന് തന്നെ തടസങ്ങൾ കൂടാതെ വിവാഹം നടക്കുകയും ചെയ്യും. കൂടാതെ, സന്താനങ്ങളില്ലാത്ത ദമ്പതികൾക്ക് സന്താനസംബന്ധമായ ചികിത്സകളിൽ വിജയം കൈവരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഈ സമയത്ത് ശനിദേവൻ ജീവിതത്തിൽ പുതിയ ഉൾക്കാഴ്ചകൾ പകർന്നു നൽകും. ചിന്തകൾക്ക് തെളിച്ചം ഉണ്ടാകും. തൊഴിൽ, സ്വഭാവം, ജീവിതപങ്കാളി, കരിയർ എന്നിവയിൽ കൂടുതൽ മെച്ചപ്പെടുത്താനും ജീവിതത്തിൽ ഉത്സാഹവും ആത്മാർത്ഥതയും നിലനിർത്താനും പ്രചോദനം ലഭിക്കും. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വിജയം കൈവരിക്കാനും സാധിക്കും. പാരമ്പര്യത്തെ മുറുകെ പിടിക്കുകയും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നതിലൂടെ പേരും പ്രശസ്തിയും നേടാനുള്ള അവസരവും ഈ കാലയളവ് ഒരുക്കുന്നു.
ജന്മഗ്രഹനിലയിൽ കേതുവിന്റെ സ്ഥാനം അനുസരിച്ച് പരിഹാരങ്ങൾ ചെയ്താൽ വരുംകാലങ്ങളിൽ ഭാഗ്യാനുഭവങ്ങൾ പതിന്മടങ്ങായി വർധിക്കും. ഹനുമാൻ ചാലിസ ചൊല്ലുന്നതും ശനിയാഴ്ചകളിൽ ഹനുമാൻ ചാലിസ പുസ്തകം ദാനം ചെയ്യുന്നതും ഗുണഫലങ്ങൾ വർധിപ്പിക്കും. ദമ്പതികൾ തമ്മിൽ പിണക്കത്തിലാണെങ്കിൽ, രാശി പ്രകാരം ഭാവം അനുസരിച്ച് ഗണപതി ഭഗവാന് യഥാശക്തി വഴിപാടുകൾ നടത്തുന്നത് വളരെയധികം ഗുണഫലം നൽകും. കൈവിട്ടുപോയി എന്ന് കരുതുന്ന ദാമ്പത്യം പോലും തിരികെ കൊണ്ടുവരാൻ അനുകൂലമായ അവസ്ഥ ഉണ്ടാക്കിയെടുക്കാൻ പറ്റിയ സമയമാണ് ഈ വരുന്ന നാലു മാസങ്ങൾ.
ഈ വരുന്ന നാലു മാസക്കാലം ചിങ്ങം രാശിക്കാർ ഞായറാഴ്ചകളിൽ ആദിത്യ ക്ഷേത്രത്തിൽ വൈകുന്നേരത്തെ ദീപാരാധന തൊഴുന്നതും നെയ്‌വിളക്ക് തെളിക്കുന്നതും വളരെ നല്ല ഫലങ്ങൾ നൽകും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ അടുത്തുള്ള ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ജൂൺ മാസാവസാനത്തോടെ ശനിദേവൻ വക്രഗതി പ്രാപിക്കുന്നത് കന്നിരാശിക്കാരുടെ ജീവിതത്തിൽ ചില പ്രത്യേക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ, കുടുംബത്തിൽ, പ്രത്യേകിച്ച് സന്താനങ്ങളുമായുള്ള അസ്വാരസ്യങ്ങൾ, കൃഷിയിലെ തിരിച്ചടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സമയത്ത്, ക്ഷമയും സംയമനവും പുലർത്തേണ്ടത് അത്യാവശ്യമാണ്. തർക്കങ്ങൾ യുക്തിസഹമായി പരിഹരിക്കാൻ ശ്രമിക്കുകയും നിയമനടപടികളിലേക്ക് പോകുന്നത് ഒഴിവാക്കുകയും ചെയ്യുക.
എന്നിരുന്നാലും, ജാതകത്തിൽ ശനി ഉച്ചസ്ഥിതിയിലുള്ളവർക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. മുടങ്ങിക്കിടന്ന പദ്ധതികൾ പുനരാരംഭിക്കാനും വിജയം കൈവരിക്കാനും ഇത് അവസരമൊരുക്കുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ ഫലങ്ങൾ അനുകൂലമായിരിക്കും.
അടുത്ത നാല് മാസങ്ങൾ കന്നി രാശിക്കാരുടെ ജീവിതത്തിൽ നിർണായകമായേക്കാം. ജീവിത പങ്കാളിയെയോ ബിസിനസ് പങ്കാളിയെയോ തിരഞ്ഞെടുക്കുന്നത് പോലുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. ബന്ധങ്ങളിലെ ചതി തിരിച്ചറിയാനും വീണ്ടും ചിന്തിച്ചു പ്രവർത്തിക്കാനും ശനിദേവൻ നിങ്ങളെ പ്രാപ്തരാക്കും. തെറ്റിദ്ധാരണകൾ മാറ്റി, സ്വയം മനസ്സിലാക്കി തെറ്റുകൾ തിരുത്താനും ചിലർക്ക് ഈ സമയം അനുഗ്രഹമാകും. പുതിയ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും ശക്തമായ തിരിച്ചുവരവ് നടത്താനും ശനിദേവന്റെ അനുഗ്രഹം തുണയ്‌ക്കും.
എന്നാൽ, ജാതകത്തിൽ ചൊവ്വ ഭർതൃസ്ഥാനത്ത് നിൽക്കുകയും നീചഭംഗരാജയോഗം അനുഭവത്തിലുണ്ടെങ്കിൽ, ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയോ പുതിയ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളോ വൻ പ്രതിസന്ധിയായി മാറും. ഈ സാഹചര്യം ഒഴിവാക്കാൻ സുബ്രഹ്മണ്യസ്വാമിക്കോ ഭദ്രകാളി അമ്മയ്‌ക്കോ പ്രത്യേക പരിഹാരങ്ങൾ ചെയ്യുന്നത് ഉചിതമാണ്. ഈ കാലയളവിൽ കൊടുങ്ങല്ലൂർ ദേവി ക്ഷേത്ര ദർശനം ഗുണഫലങ്ങൾ നൽകും.
ഈ സമയത്തെ വെല്ലുവിളികളെ അതിജീവിക്കാനും അവസരങ്ങളെ പ്രയോജനപ്പെടുത്താനും കന്നി രാശിക്കാർ ജാഗ്രതയോടെയും വിവേകത്തോടെയും പ്രവർത്തിക്കേണ്ടതുണ്ട്. വിധിപ്രകാരമുള്ള പരിഹാരങ്ങൾ ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീക്കി വിജയത്തിലേക്കുള്ള പാത സുഗമമാക്കും.
ഈ വരുന്ന നാലു മാസക്കാലം കന്നി രാശിക്കാർ ചൊവ്വാഴ്ചകളിൽ സുബ്രമണ്യ സ്വാമിയെയോ ഭദ്രകാളിയമ്മയെയോ നിർമാല്യം തൊഴുന്നതും നെയ്‌വിളക്ക് തെളിക്കുന്നതും സൗഭാഗ്യങ്ങൾ നൽകും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ അടുത്തുള്ള സുബ്രമണ്യ സ്വാമിയെയോ ഭദ്രകാളിയമ്മയെയോ തൊഴുതു കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്. അവിടുത്തെ ആചാര്യന് (പൂജാരി) ഭക്ഷണം വസ്ത്രം ധനം എന്നിവ ദാനം നൽകുന്നത് ജീവിതത്തിൽ വലിയ രീതിയിൽ സൽഫലങ്ങൾ നൽകും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
ഈ ആഴ്ച അവസാനത്തോടെ ശനിദേവൻ വക്രഗതിയിലേക്ക് പ്രവേശിക്കുന്നതോടെ, അടുത്ത നാല് മാസങ്ങൾ മാതാവിനോ മാതൃബന്ധുക്കൾക്കോ ചില പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. അവരുടെ ക്ഷേമം ഉറപ്പാക്കാൻ, അവരുടെ ജാതകം വിശദമായി പരിശോധിക്കുന്നത് നന്നായിരിക്കും.
എന്നിരുന്നാലും, ഈ കാലയളവിൽ പിറക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിൽ ഉന്നതിയും കുടുംബത്തിൽ സമൃദ്ധിയും അനുഭവപ്പെടും. പ്രത്യേകിച്ച്, അടുത്ത നാല് മാസത്തിനുള്ളിൽ തുലാം രാശിയിൽ ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് സർവതോന്മുഖമായ ഭാഗ്യം സുനിശ്ചിതമാണ്.
ശനിദേവന്റെ ഈ വക്രഗതി ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വഴിത്തിരിവായിരിക്കും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ശമനമുണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിലും വ്യായാമത്തിലും പുതിയ പരീക്ഷണങ്ങൾ നടത്താൻ ശനിദേവൻ പ്രേരിപ്പിക്കും. ഈ പുതിയ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ, നവോന്മേഷവും ഊർജ്ജസ്വലതയും അനുഭവപ്പെടും.
ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം കഠിനാധ്വാനത്തിലൂടെ വീണ്ടെടുക്കാനുള്ള സമയമാണിത്. വ്യക്തമായ ലക്ഷ്യങ്ങൾ രൂപപ്പെടുകയും അവ ക്രമമായും ചിട്ടയോടെയും നിറവേറ്റാനുള്ള അവസരവും ലഭിക്കും. ജീവിതത്തിലെ വീഴ്ചകളിൽ നിന്നും വിമർശനങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന തരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിക്കും. നഷ്ടപ്പെട്ട പ്രതാപവും ധനവും സൗഭാഗ്യങ്ങളും തിരികെ നൽകി ശനിദേവൻ നിങ്ങളെ അനുഗ്രഹിക്കും.
ഈ കാലയളവിൽ തുലാം രാശിക്കാർ അർഹരായ അനാഥർക്ക് ചെറുപയർ ദാനം ചെയ്യുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ബാലികാ സദനങ്ങൾ, രോഗികൾക്ക് വേണ്ടിയുള്ള അന്നദാന സൗകര്യങ്ങൾ ചെയ്യുന്ന സംഘടനകൾ മുതലായവർക്ക് ചെറുപയർ വാങ്ങി നൽകുന്നത് സൽഫലങ്ങൾ കൊണ്ടുവരും. ജന്മഗ്രഹ നിലയിൽ ബുധൻ നിൽക്കുന്ന ഭാവം അനുസരിച്ച് യഥാശക്തി വഴിപാടുകൾ ചെയ്താൽ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഉള്ള പ്രശ്നങ്ങൾക്ക് ശമനമുണ്ടാകും.
ശനി, ബുധൻ, കേതു ദശ നടക്കുന്നവർ ജാതകത്തിൽ ഈ ഗ്രഹങ്ങൾ നിൽക്കുന്ന ഭാവം നോക്കി പരിഹാരം ചെയ്താൽ ശനിയുടെ വക്രഗതിയിലെ ഗുണഫലങ്ങൾ വർദ്ധിക്കും. ഈ സമയം ശരിയായി ഉപയോഗിച്ചാൽ, വ്യക്തിപരമായ വളർച്ചയ്‌ക്കും പുരോഗതിക്കും ഒരു സുവർണ്ണാവസരമായി മാറും.
ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത തുലാക്കൂറിലുള്ള ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ ഈ വരുന്ന നാലു മാസക്കാലം സർപ്പക്കാവിൽ ദീപം തെളിക്കുന്നതും നൂറുംപാലും നൽകുന്നതും തടസ്സങ്ങൾ അകറ്റും. ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ അടുത്തുള്ള ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ജൂൺ മാസാവസാനത്തോടെ ശനിദേവൻ വക്രഗതിയിലേക്ക് പ്രവേശിക്കുന്നത് ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നു. സഹോദരങ്ങളുടെ പിന്തുണയും സ്നേഹവും ജീവിതത്തിൽ സന്തോഷം നിറയ്‌ക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാനും അവരുടെ വിജയങ്ങളിൽ പങ്കുചേരാനുമുള്ള അവസരങ്ങൾ ലഭിക്കും. എന്നാൽ, സന്താനങ്ങളുടെ കാര്യത്തിൽ തടസങ്ങളും മനോവിഷമവും അനുഭവിക്കുന്നവർ കുഞ്ഞുങ്ങളുടെ ജാതക പരിശോധന നടത്തി പരിഹാരങ്ങൾ ചെയ്യുന്നത് ഗുണകരമായിരിക്കും.
ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന രോഗങ്ങളിൽ നിന്ന് മോചനം നേടാനും സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നവർക്ക് ഈ കാലഘട്ടം പ്രത്യേകിച്ചും ശുഭകരമാണ്.
ഈ സമയത്ത് മക്കളുമായി കൂടുതൽ അടുക്കാനും അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ശനിദേവൻ പ്രേരിപ്പിക്കും. മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും മക്കളുടെ വളർച്ചയ്‌ക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് അവർക്ക് വഴികാട്ടിയാകാനും സാധിക്കും. ഒഴിവു സമയങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവയെ കുടുംബത്തിനും സ്വയം വളർച്ചയ്‌ക്കും വേണ്ടി ക്രിയാത്മകമായി വിനിയോഗിക്കാനുള്ള പ്രവണതയും വളർത്തിയെടുക്കും.
ബിസിനസ്സ്, ജീവിതപങ്കാളി, മക്കൾ എന്നിവരുടെ കാര്യത്തിൽ മുൻപ് എടുത്ത ചില തീരുമാനങ്ങൾ ശരിയായിരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടായേക്കാം. എന്നാൽ, ഈ തിരിച്ചറിവ് നിരാശപ്പെടുത്തരുത്. മറിച്ച്, ഭാവിയിൽ കൂടുതൽ മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള പാഠമായി ഇതിനെ കാണുക.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉണ്ടായിരുന്ന മടി മാറി മികച്ച വിജയം കൈവരിക്കാനുള്ള അവസരമാണിത്. കല, സാഹിത്യം, ചിത്രരചന തുടങ്ങിയ മേഖലകളിൽ സർഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരങ്ങളും വന്നുചേരും. കഴിവുകളെ വികസിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഈ സമയം വിനിയോഗിക്കുക.
ജന്മഗ്രഹ നിലയിൽ വ്യാഴം നിൽക്കുന്ന സ്ഥാനം അനുസരിച്ച് ഉചിതമായ പരിഹാരങ്ങൾ ചെയ്യുന്നത് വരാനിരിക്കുന്ന നാല് മാസക്കാലം മക്കളുടെ കാര്യത്തിലും ബിസിനസ്സിലും ജീവിതപങ്കാളിയുടെ കാര്യത്തിലും ഗുണകരമായ ഫലങ്ങൾ നൽകും. ശനിദേവന്റെ ഈ വക്രഗതി ഒരു പുതിയ തുടക്കത്തിനും വളർച്ചയ്‌ക്കും വഴിയൊരുക്കുന്ന, ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി മാറും.
വൃശ്ചികക്കൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ ഈ വരുന്ന നാലു മാസക്കാലം ചൊവ്വാഴ്ച ദിവസം സിദ്ധിഗണപതിയെയോ മഹാഗണപതിയെയോ കണ്ടു തൊഴുതു നെയ്‌വിളക്കും മോദകവും സമർപ്പിക്കുന്നത് വലിയ അനുഗ്രഹമായി ഭവിക്കും (ജാതകത്തിൽ മറ്റു ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്). ഇവർ ഈ കാലയളവിൽ ആനകൾക്ക് ആഹാരം കൊടുക്കുന്നതും നല്ലതാണ്. ഇതിനു പുറമെ, പക്കപ്പിറന്നാൾ, അനുജന്മനക്ഷത്ര ദിവസങ്ങളിൽ അടുത്തുള്ള ക്ഷേത്രത്തിൽ തൊഴുന്നതും കഴിയുന്ന പോലെ ദീപം, അലങ്കാരം, നേദ്യം എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.
ഇതും വായിക്കുക
ശനിയുടെ വക്രഗതി നിങ്ങൾക്കെങ്ങനെ ? ഭാഗം 4
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Saturn Retrograde 2024 Prediction by Jayarani E.V















