ഇസ്ലാമാബാദ്: ഐഎംഎഫ് വായ്പയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നികുതി നിരക്ക് കുത്തനെ ഉയർത്തി പാക് സർക്കാർ. പാക് ദേശീയ അസംബ്ലിയിൽ ധനമന്ത്രിയാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. വായ്പ ലഭിക്കണമെങ്കിൽ അധിക വരുമാനം ഉണ്ടാക്കണമെന്ന് ഐഎംഎഫ് നിബന്ധനവെച്ചിരുന്നു. ഇതോടെയാണ് പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പ് അവഗണിച്ചു കൊണ്ട് ബിൽ പാസാക്കിയത്.
പുതിയ നിർദ്ദേശപ്രകാരം ഇസ്‌ലാമാബാദിൽ വസ്തുവകകൾ ഉള്ളവർ അധിക നികുതി നൽകേണ്ടി വരുനമെന്ന് പാക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. കൂടാതെ
ബിൽഡർമാരിൽ നിന്നും ഡവലപ്പർമാരിൽ നിന്നും പുതിയ നികുതി പിരിക്കാനും വ്യവസ്ഥയുണ്ട്. വിമാന നിരക്കിൽ 150 ശതമാനം വർദ്ധനവാണ് ബിൽ മുന്നോട്ട് വെക്കുന്നത്. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
കടുത്ത സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താൻ ഐഎംഎഫ് വായ്പയ്‌ക്കായി കണ്ണുംനട്ടിരിക്കുകയാണ്. 6 ബില്യൺ ഡോളർ മുതൽ 8 ബില്യൺ ഡോളർ വരെ ധനസഹായത്തിനായി പാക് സർക്കാർ ഐഎംഎഫുമായി ചർച്ചകൾ നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഐഎംഎഫ് അധികൃതർ രാജ്യത്തെത്തി കാര്യങ്ങൾ വിലയിരുത്തും. ഇതിന് മുന്നോടിയായാണ് നികുതി കുത്തനെ കൂട്ടിക്കൊണ്ടുള്ള ധനകാര്യ ബിൽ പാക് പാർലമെൻ്റ് വെള്ളിയാഴ്ച പാസാക്കിയത് .















