മുംബൈ: അനന്ത് അംബാനിയെയും രാധികാ മെർച്ചന്റിനെയും വിവാഹത്തിന് വിവാഹത്തിന് ഒരുങ്ങുന്ന വീട്ടിൽ അതിഥിയായി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അംബാനി കുടുംബത്തിന്റെ മുംബൈയിലെ വസതിയായ ആന്റിലയിലെത്തിയ സര്‍സംഘചാലകിനെ മുകേഷ് അംബാനി, നിത അംബാനി, അനന്ത്, പ്രതിശ്രുത വധു രാധിക എന്നിവർ ചേർന്ന് സ്വീകരിച്ചു
കാറിൽ നിന്ന് ഇറങ്ങിയ മോഹൻ ഭാഗവതിന്റെ കാൽതൊട്ട് വന്ദിച്ചാണ് അനന്ത് അംബാനി അനുഗ്രഹം തേടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുകേഷ് അംബാനി നേരിട്ട് വാഹനത്തിന് അടുത്തേക്ക് എത്തിയാണ് അതിഥികളെ സ്വീകരിച്ചത്.
വിവാഹ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രത്യേക ദീപാലങ്കാരങ്ങളാൽ മനോഹരമാണ് ആന്റില. വ്യവസായ, രാഷ്‌ട്രീയ, സിനിമാ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുളള അതിഥികളും ധാരാളമുണ്ട്. മുകേഷ് അംബാനിക്കും കുടുംബത്തിനുമൊപ്പം ഡിന്നർ കഴിച്ച ശേഷമാണ് ഡോ. മോഹൻ ഭാഗവത് മടങ്ങിയത്. ജൂലൈ 12-ന് നടക്കുന്ന വിവാഹത്തിനും അദ്ദേഹത്തിന് പ്രത്യേകം ക്ഷണമുണ്ട്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് വിവാഹം. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വിശിഷ്ട അതിഥികളായി രാഷ്‌ട്രീയ, ബിസിനസ്, സിനിമാ മേഖലകളിലുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന് ഇന്നാണ് തുടക്കമാവുന്നത്.