പാലക്കാട്: യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ചെർപ്പുളശേരി ആലിക്കുളത്ത് വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ചെർപ്പുളശേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എബിന്റെയും ലിബിന്റെയും വാഹനം എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും എബിനും ലിബിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്‌ളോഗർമാർ അശ്രദ്ധയായി വാഹനം ഓടിച്ചതാണോ അപകടത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ട്രാവൽ വീഡിയോകളും വാഹനങ്ങളുടെ വീഡിയോകളും ചെയ്ത് പ്രശസ്തരായവരാണ് ഇ ബുൾജെറ്റ് സഹോദരന്മാർ. വാഹനം ഓടിക്കുമ്പോൾ തന്നെ ഇതിന്റെ വ്‌ളോഗ് ചെയ്യുന്നത് പല വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. വാഹനം ഓടിക്കുമ്പേൾ ഇത്തരത്തിൽ വ്‌ളോഗ് ചെയ്യുന്നത് അപകടത്തിനിടയാക്കുമെന്നുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞാണ് എബിനും ലിബിനും വീഡിയോകൾ ചിത്രീകരിച്ചിരുന്നത്. നേരത്തെ വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുത്തിരുന്നു.