ലഡാക്ക്: ടാങ്കിൽ നദി മുറിച്ച് കടക്കുന്നതിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കരസേന. കിഴക്കൻ ലഡാക്കിലെ ഷിയോക്ക് നദിയിലാണ് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടയത്. പെട്ടന്നുണ്ടായ മിന്നൽപ്രളയത്തിൽ ടാങ്ക് മുങ്ങി പോവുകയായിരുന്നു. നാല് ജവാന്മാരും ഒരു ജൂനിയർ കമീഷൻഡ് ഓഫീസറുമാണ് ടാങ്കിൽ ഉണ്ടായിരുന്നത്.
“സൈനിക പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ ഷിയോക് നദിയുടെ സസേർ ബ്രാങ്‌സാ പ്രദേശത്തുവച്ച് പെട്ടന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടാങ്ക് കുടുങ്ങിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തകർ ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും കുത്തൊഴുക്കും ഉയർന്ന ജലനിരപ്പും കാരണം രക്ഷാദൗത്യം വിജയിച്ചില്ല. അപകടത്തിൽപെട്ട 5 സൈനികർക്കും ജീവൻ നഷ്ടമായി,” ലഡാക്ക് പ്രതിരോധ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജനറൽ മനോജ് പാണ്ഡെ ഉൾപ്പടെ എല്ലാ റാങ്കിൽപെട്ട കരസേനാ ഉദ്യോഗസ്ഥരും ധീര സൈനികരുടെ വീരമൃതുവിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൈനികരുടെ മരണത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗും ദുഃഖം രേഖപ്പെടുത്തി. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.















