ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. യുപിയിൽ യോഗിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഇമ്രാൻ മസൂദ് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. റോഡുകൾ നിർമിക്കപ്പെടുന്നു, ജനങ്ങൾക്ക് ആവശ്യമായ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നു, കടുത്ത ഉഷ്ണതരംഗത്തിനിടയലും എല്ലാവർക്കും വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ആരെങ്കിലും നന്നായി ജോലി ചെയ്താൽ അതിനെ അഭിനന്ദിക്കുക തന്നെ വേണം. പ്രശംസിക്കുന്നതിനെ പ്രശ്നമായി കാണരുത്.
കൊടുംചൂടിൽ യുപി വെന്തുരുകുമ്പോഴും സംസ്ഥാനത്തെവിടെയും വൈദ്യുതി വിതരണം തടസപ്പെട്ടില്ല. അതുകൊണ്ട് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രശംസിക്കുക തന്നെ വേണമെന്നും കോൺഗ്രസ് എംപി കൂട്ടിച്ചേർത്തു.
തന്റെ രാഷ്‌ട്രീയം ആർക്കും എതിരല്ല. വസ്തുതകൾ വിളിച്ചുപറയാൻ തനിക്ക് മടിയില്ല. യുപിയിലേക്ക് നോക്കിയാൽ ഇവിടെ റോഡുകൾ നന്നായി നിർമ്മിച്ചിരിക്കുന്നത് കാണാം. എന്നിട്ടും റോഡുകൾ മര്യാദയ്‌ക്ക് പണിതിട്ടില്ലെന്ന് താൻ പറഞ്ഞാൽ, വൈദ്യുതി വിതരണം അമ്പേ പരാജയമായിരുന്നുവെന്ന് താൻ വാദിച്ചാൽ, പറയുന്നത് കള്ളമാണെന്ന് ആളുകൾ വിളിച്ചുപറയും. രാഷ്‌ട്രീയത്തിന് പോസിറ്റീവ് കാഴ്ചപ്പാടാണ് ആവശ്യം.
നാട്ടിൽ പോസിറ്റീവായ ഒരു പ്രവർത്തനം ആരെങ്കിലും കാഴ്ചവച്ചാൽ അതിനെ പ്രശംസിക്കണം. പ്രതിപക്ഷമെന്നാൽ എപ്പോഴും വിമർശിച്ചുകൊണ്ടേയിരിക്കണം എന്നൊന്നില്ല. നെഗറ്റിവിറ്റിയിലൂടെയല്ല, ശുഭാപ്തിവിശ്വാസത്തിലൂടെ രാഷ്‌ട്രീയം പ്രവർത്തിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്. ശരിയായ കാര്യങ്ങൾ സർക്കാർ ചെയ്യുമ്പോൾ പിന്തുണച്ചില്ലെങ്കിൽ സാഹചര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്നും ഇമ്രാൻ മസൂദ് ചോദിച്ചു.
യുപിയിലെ സഹറാൻപൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ഇമ്രാൻ മസൂദ്. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു.