എല്ലാമാസവും ഗുരുവായൂരപ്പനെ കണ്ട് തൊഴുതിരുന്നതാണ്, ഈ നടയിൽ വച്ച് താലികെട്ടമെന്നായിരുന്നു മോഹം, അത് സാധിച്ചു: മീരാ നന്ദൻ

Published by
Janam Web Desk

​ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് വിവാഹം കഴിക്കണമെന്ന് കാലങ്ങളായി മനസിൽ കൊണ്ടുനടന്ന ആ​ഗ്രഹമായിരുന്നുവെന്ന് മീരാ നന്ദൻ. കൃഷ്ണഭക്തയായ തനിക്ക് ​ഗുരുവായൂരപ്പന്റെ നടയിൽ വച്ച് വിവാഹിതയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താലികെട്ടിന് ശേഷം അവർ പ്രതികരിച്ചു.

ദുബായിലേക്ക് താമസം മാറുന്നതിന് മുൻപ് എല്ലാമാസവും ​ഗുരുവായൂരിൽ വന്ന് തൊഴുമായിരുന്നു. ​ഗുരുവായൂരപ്പൻ തനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. കല്യാണം ശരിയാകുന്നതിന് മുൻപ് തന്നെ തീരുമാനമെടുത്തതാണ്, ​ഗുരുവായൂരമ്പല നടയിൽ വച്ച് താലികെട്ടണമെന്ന്. അക്കാര്യത്തിൽ ശ്രീജു (ഭ‍ർത്താവ്) തന്റെ അഭിപ്രായത്തോട് യോജിച്ചതിനാൽ ​ഭഗവാന്റെ നടയിൽ വച്ച് വിവാഹം കഴിക്കാൻ സാധിച്ചുവെന്നും മീര പറഞ്ഞു.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ​ഗുരുവായൂരിൽ മീരയുടെ വിവാഹം നടന്നത്. താലികെട്ട് സമയത്ത് മഴ പെയ്തത് ഭ​ഗവാൻ അനു​ഗ്രഹിച്ചതായി കരുതുന്നുവെന്നും മീര പ്രതികരിച്ചു. ശ്രീജുവുമായുള്ള പ്രണയം തുടങ്ങുന്നത് എങ്ങനെയാണെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, “കണ്ടു, സംസാരിച്ചു, ഇഷ്ടപ്പെട്ടു അത്രയേയുള്ളൂ” എന്നായിരുന്നു മീരയുടെ മറുപടി.

യുഎഇയിലെ ​​ഗോൾഡ് എഫ്.എമ്മിൽ ജോലി ചെയ്യുന്ന മീര, ദുബായിൽ സ്ഥിരതാമസക്കാരിയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ അക്കൗണ്ടന്റായ ശ്രീജുവിനെ മാട്രിമോണിയിലൂടെയാണ് പരിചയപ്പെട്ടതെന്ന് മീര നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദുബായിൽ വച്ച് ഇരുവരും കണ്ടുമുട്ടിയതിന് ശേഷം പരസ്പരം ഇഷ്ടപ്പെട്ടുവെന്നും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്.

Share
Leave a Comment