മലപ്പുറം: എട്ടുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 55 വർഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി ജിൻഷാദിനെ (27)യാണ് നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും അടയ്‌ക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 25,000 രൂപ പിഴയും നൽകണം. മറ്റുവകുപ്പുകൾ പ്രകാരം 40 വർഷം കഠിനതടവും 50,000 രൂപ പിഴയും അടയ്‌ക്കണം. പിഴകളൊന്നും അടയ്‌ക്കാത്ത പക്ഷം ഒരു വർഷവും ഒൻപത് മാസവും അധിക തടവും അനുഭവിക്കണം.
2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മീൻപിടിക്കാൻ കൊണ്ടുപോകാം എന്ന വ്യാജേനയാണ് ജിൻഷാദ് എട്ടു വയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. ഇതിന് മുമ്പും ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. എടക്കര പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി.എസ് മഞ്ജിത്ത് ലാലാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി.