ഉത്തരേന്ത്യയിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം

Published by
Janam Web Desk

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തോട് ചേർന്ന് ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഹരിയാന, ഝണ്ഡീഗഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ അടുത്ത് മൂന്ന് ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ജൂലൈ മൂന്ന് വരെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.

അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. കേരളം, കർണാടക, ഗോവ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടിങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിയ മഴ പെയ്യാനാണ് സാധ്യത.

വെള്ളക്കെട്ട് രൂപപ്പെടാൻ സാ​ധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Share
Leave a Comment