മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ; ഇടനിലക്കാരനും അറസ്റ്റിൽ

Published by
Janam Web Desk

മലപ്പുറം: തിരൂരിൽ 12.13 കിലോഗ്രാം കഞ്ചാവുമായി രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ പിടിയിൽ. പശ്ചിമബംഗാളിലെ ഭോട്ടാൻ സ്വദേശിനി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ സ്വദേശിനി അർജിന ബീവി (44) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം കഞ്ചാവ് കടത്തിയ ഓട്ടോയുടെ ഡ്രൈവർ തെന്നല കൊടക്കൽ ചുള്ളിപ്പാറ ചെനക്കൽ വീട്ടിൽ റഫീഖിനെയും എക്സൈസ് അറസ്റ്റ് ചെയ്തു . ഇയാളുടെ ഓട്ടോയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തിരൂർ റെയിൽവേ സ്റ്റേഷൻ-സിറ്റി ജങ്ഷൻ റോഡിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് സംഘത്തെ പിടികൂടിയത്. ഇടനിലക്കാരനായാണ് റഫീഖ് പ്രവർത്തിച്ചിരുന്നത്. ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതും ആവശ്യക്കാരെ കണ്ടെത്തുന്നതും പണമിടപാട് നടത്തുന്നതും ഇയാളാമെന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയൻ പറഞ്ഞു.

ഇൻസ്‌പെക്ടർ ടി. ഷിജുമോന് എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും തിരൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതികളെ വലയിലാക്കിയത്.

Share
Leave a Comment