ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ വിജയ കിരീടം ചൂടിയ വിരാട് കോലിക്ക് ആശംസകളുമായി ഭാര്യ അനുഷ്ക ശർമ. ട്രോഫി കയ്യിലേന്തി നിൽക്കുന്ന വിരാടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുഷക് ശർമ ആശംസകൾ അറിയിച്ചത്. വിജയത്തിന് ശേഷം കുടുംബത്തോട് ഫോണിൽ സംസാരിക്കുന്ന വിരാടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധേയമായ കുറിപ്പുമായി അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ എത്തിയത്.
‘ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന മനുഷ്യൻ. ഉൻമേഷം നിറഞ്ഞ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഈ വിജയം ആഘോഷിക്കൂ. നിങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് കരയുന്നത് ടിവിയിൽ കണ്ടതോടെ നമ്മുടെ മകൾ വാമികയ്ക്ക് ഒരു ആശങ്കയുണ്ടായി. നിങ്ങളെ കെട്ടിപ്പിടിക്കാൻ ആരെങ്കിലും വരുമോ എന്നായിരുന്നു അവളുടെ ആശങ്ക….. എന്നാൽ കോടിക്കണക്കിന് ആളുകൾ നിങ്ങളെ കെട്ടിപ്പിടിച്ചു. എന്തൊരു അത്ഭുതകരമായ വിജയമാണിത്. ഐതിഹാസിക നേട്ടം. ചാമ്പ്യൻസ് നിങ്ങൾക്ക് എല്ലാവർക്കും എന്റെ അഭിനന്ദനം’- അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദക്ഷിണാഫ്രിക്കയോട് പൊരുതി നേടിയ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികൾ ആഘോഷിക്കുകയാണ്. രാജ്യത്തിന് ചരിത്ര വിജയം നേടികൊടുത്ത ക്രിക്കറ്റ് താരങ്ങളെ വാനോളം പുകഴ്ത്തുകയാണ് രാജ്യം. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, മഹേഷ് ബാബു, രാം ചരൺ തുടങ്ങിയ നിരവധി താരങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു.