ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡിലാണ് പദ്ധതിയെക്കുറിച്ച് പരാമർശിച്ചത്. “അമ്മയുടെ പേരിൽ ഒരു മരം” എന്ന ക്യാമ്പയിന്റെ ഭാഗമായി അമ്മയെ ആദരിച്ചുകൊണ്ട് പരിസ്ഥിദിനത്തിൽ വൃക്ഷതൈകൾ നടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനാണ് പദ്ധതി ആരംഭിച്ചത്. ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ അമ്മയുടെ പേരിലുള്ള അരയാൽ വൃക്ഷതൈ നട്ടുകൊണ്ടാണ് അദ്ദേഹം ക്യാമ്പയിന് തുടക്കം കുറിച്ചത്. ലോകമെമ്പാടുമുള്ള ആളുകളോട് അവരുടെ അമ്മമാരോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകങ്ങളായി മരങ്ങൾ നട്ടുപിടിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പ്രകൃതിയോട് ചേർന്നുനിന്ന് ആഗോളതാപനത്തെ ചെറുക്കാനുളള മാർഗം കൂടിയാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് പ്രധാനമന്ത്രി ആദ്യം ചെയ്തതും ഇതായിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാനുളള പാരീസ് ഉടമ്പടിയുടെ തുടർനടപടി കൂടിയായിട്ടാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിലും പ്രധാനമന്ത്രി ഇതേക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതുപോലെ മരം നട്ടുപിടിപ്പിച്ചിരുന്നു.
#Plant4Mother ക്യാമ്പയിൻ വിജയകരമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് വൃക്ഷത്തൈ നടുന്നതിന് അനുയോജ്യമായ പൊതുസ്ഥലങ്ങൾ കണ്ടെത്തും. സെപ്റ്റംബർ മാസത്തോടെ 80 കോടി മരങ്ങളും അടുത്ത വർഷം മാർച്ചോടെ 140 കോടി മരങ്ങളും നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന് പ്രചാരം നൽകുന്നതിനായി വിദ്യാഭ്യാസവകുപ്പ് 7.5 ലക്ഷം സ്കൂളുകളിലെ ഇക്കോ ക്ലബുകളെ ചുമതലപ്പെടുത്തും. പുതിയ വിദ്യാഭ്യാസ നയത്തിൽ ഈ ആശയം ഉൾക്കൊള്ളിക്കും.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ ബോധവൽക്കരണ പരിപാടികളിലും വൃക്ഷതൈ നടുന്ന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കും. കേന്ദ്ര യുവജന കാര്യ മന്ത്രാലയം,വിദേശകാര്യ മന്ത്രാലയം എന്നിവയും പദ്ധതിയുമായി കൈകോർക്കും. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മൻ കി ബാത്ത് പരിപാടിയിലാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്‍തത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് ഫെബ്രുവരി 25 നായിരുന്നു അദ്ദേഹത്തിന്റെ അവസാന മൻ കി ബാത്ത് റേഡിയോ പരിപാടി സംപ്രേഷണം ചെയ്തത്.