തിയേറ്ററുകളിൽ ആവേശത്തിന്റെ മാന്ത്രികജാലം തുറന്ന് കളക്ഷനിൽ കത്തിക്കയറുകയാണ് പ്രഭാസിന്റെ ‘കൽക്കി 2898 എഡി’. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ചിത്രത്തിലെ കഥാപാത്രങ്ങളെയും സംവിധായകൻ നാഗ് അശ്വിനെയും പ്രശംസിക്കുകയാണ്. കൽക്കിയെ പുകഴ്‌ത്തികൊണ്ടുള്ള തെന്നിന്ത്യൻ താരം നാഗാർജുനയുടെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സൂപ്പർ ഡ്യൂപ്പർ കൽക്കി ടീമിന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനം എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൽക്കിയിൽ മികച്ച പ്രകടനം കാഴ്ചവച്ച അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവർക്കും ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കൽക്കി നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പുരാണത്തെയും ചരിത്രത്തെയും ഒരുമിച്ചുകൊണ്ടുവന്നു. അമിതാഭ് ബച്ചൻ നിങ്ങളൊരു ഒറിജിനൽ മാസ് ഹീറോയാണെന്നും നാഗാർജുന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓരോ കഥാപാത്രങ്ങളെയും എടുത്തു പറഞ്ഞുകൊണ്ടാണ് താരം അഭിനന്ദനം അറിയിച്ചത്.
കൽക്കിയെ പ്രശംസിച്ച് രജനികാന്തും രംഗത്തെത്തിയിരുന്നു. നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് രജനികാന്ത് പറഞ്ഞു. അഭിനന്ദനം അറിയിച്ച് എക്സിൽ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നും രജനികാന്ത് എക്സിൽ കുറിച്ചു.
ആദ്യദിനം തന്നെ 191 കോടി നേടിയ ചിത്രം ആഗോള ബോക്സോഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.