തിരുവനന്തപുരം: പ്രിയപ്പെട്ട ആനയ്ക്ക് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പാപ്പാന്റെ ബലിതർപ്പണം. പാപ്പനംകോട് സ്വദേശിയായ പ്രഭാകരൻ നായരാണ് ശിവകുമാർ എന്ന ആനയുടെ ഒന്നാം ചരമവാർഷികദിനം കർമ്മം ചെയ്യാൻ ക്ഷേത്രത്തിൽ എത്തിയത്. ആദ്യമായാണ് ഒരാനയ്ക്കുവേണ്ടി ബലിയിടാൻ പാപ്പാൻ തിരുവല്ലത്ത് എത്തുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
24 വർഷത്തിലധികം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ശിവകുമാർ എന്ന ആനയുടെ പാപ്പാനായിരുന്നു പ്രഭാകരൻ നായർ. 2023 ജൂൺ 29-ന് രാവിലെ 10.30-ഓടെയായിരുന്നു ശിവകുമാർ എന്ന കൊമ്പൻ ചരിഞ്ഞത്. ബലിതർപ്പണത്തിന് ശേഷം ശിവകുമാറിന്റെ പേരിൽ തിലഹോമവും പിതൃപൂജയും നടത്തിയാണ് പ്രഭാകരൻനായർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. 1985-ൽ ഭക്തരുടെ നേതൃത്വത്തിലായിരുന്നു ശ്രീകണ്ഠേശ്വരത്ത് ശിവകുമാറിനെ നടയ്ക്കിരുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്.
നിലവിൽ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം അസി. കമ്മിഷണർ ഓഫീസിലെ പ്യൂണാണ് പ്രഭാകരൻ നായർ. ശിവകുമാറിന്റെ വിയോഗത്തോടെയാണ് അദ്ദേഹം പാപ്പാൻ ജോലിയിൽനിന്നും മാറിയത്.