“അധ്വാനിക്കുന്നവർക്ക് മദ്യം ആവശ്യമാണ്, ടാസ്മാക് മദ്യത്തിന് കിക്ക് ഇല്ല; അതിനാലാണ് ആളുകൾ കള്ളച്ചാരായം കുടിക്കുന്നത്” തമിഴ് നാട് മന്ത്രി ദുരൈമുരുകൻ

Published by
Janam Web Desk

ചെന്നൈ : സർക്കാർ ഏജൻസിയായ ടാസ്മാക്കിൽ കൂടി വിതരണം ചെയ്യുന്ന മദ്യത്തെ ഇകഴ്‌ത്തിയും വ്യാജമദ്യത്തെ പ്രോത്സാഹിപ്പിച്ചും, മദ്യപാന ശീലത്തെ ന്യായീകരിച്ചും ഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് ജലവിഭവ മന്ത്രിയുമായ ദുരൈമുരുകൻ നിയമസഭയിൽ നടത്തിയ പ്രസ്താവനകൾ വിവാദമാകുന്നു.

“ ടാസ്മാക് മദ്യത്തിന് കിക്ക് ഇല്ല. ചില ആളുകൾ ശക്തമായ കിക്ക് ലഭിക്കാൻ ബൂട്ട്ലെഗ് മദ്യം കുടിക്കുന്നു. അധ്വാനിക്കുന്നവരുടെ ആസക്തിയെ അകറ്റാൻ അവർക്ക് മദ്യം ആവശ്യമാണ്‌. സർക്കാർ വിൽക്കുന്ന ചരക്ക് ചിലർക്ക് സോഫ്‌റ്റ് ഡ്രിങ്ക് പോലായി മാറുന്നു.” മന്ത്രി ദുരൈമുരുഗൻ നിയമസഭയിൽ പറഞ്ഞു.

“ നമുക്ക് എല്ലാ തെരുവുകളിലും പോലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ പറ്റുമോ ? അനധികൃത മദ്യക്കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം പോലും നമുക്ക് കൊണ്ടുവരാം, പക്ഷേ അത് സാധ്യമാണോ? ഭൂതകാലങ്ങൾ പഴയതായിരിക്കട്ടെ. എല്ലാത്തിനും ഒരു കാരണമില്ലേ? സംഭവിച്ചത് സംഭവിച്ചതായിരിക്കട്ടെ. ഇനി മുതൽ കാര്യങ്ങൾ നല്ലതായിരിക്കട്ടെ ”മന്ത്രി ദുരൈ മുരുകൻ തുടർന്നു.

കള്ളക്കുറിച്ചി കരുണാപുരത്ത് വ്യാജമദ്യം കഴിച്ച്അറുപതിലധികം പേര് മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്ന് പിഎംകെ, ബിജെപി തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ നേതാക്കളിൽ പലരും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ദുരൈമുരുകന്റെ പരാമർശം.

ഇതിനെ തുടർന്നു തമിഴ്‌നാട്ടിലെ വിവിധ രാഷ്‌ട്രീയ കക്ഷികൾ ദുരൈ മുരുകന്റെ പ്രസ്താവനക്കെതിരെ രംഗത്തു വന്നു.

Share
Leave a Comment