തിരുവനന്തപുരം: മതസംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലേക്ക്. കേരളത്തിൽ തുടർന്നുവരുന്ന അതിരുവിട്ട മതപ്രീണനത്തിനും സംഭരണ തട്ടിപ്പിനുമെതിരെ പ്രതികരിച്ചതിന്റെ പേരിൽ കൂട്ടം ചേർന്ന് അക്രമിക്കപ്പെടുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ള ഹിന്ദു നേതാക്കൾക്ക് ഹിന്ദു ഐക്യവേദി ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ജൂൺ 3, 5 തീയതികളിലായി ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും.
“ഒരു മാനദണ്ഡവും ഇല്ലാതെ എല്ലാ മുസ്ലീങ്ങൾക്കും സംവരണം കൊടുക്കുകയാണ്. ഹിന്ദു ഐക്യവേദി പറയുന്നതുകൊണ്ട് ഇതിനെ വർഗീയമായി കാണേണ്ട. ഇതൊരു സാമൂഹ്യ അനീതിയാണ്. ഈ അനീതി തുറന്നു കാട്ടിയാണ് ഹിന്ദു ഐക്യവേദി രംഗത്ത് വരുന്നത്. ഒരേസമയം ന്യൂനപക്ഷ സംവരണവും പിന്നാക്ക സംവരണവും കൈവശപ്പെടുത്തി ന്യൂനപക്ഷ സമൂഹം എല്ലാ രംഗത്തും മുന്നിൽ വന്നു. എന്നാൽ മറുവശത്ത്, അവകാശപ്പെട്ടത് പോലും നഷ്ടപ്പെടുന്ന സമൂഹമായി ഹിന്ദുക്കളിലെ പിന്നാക്കക്കാർ മാറി”.
“വളരെ മ്ലേച്ഛമായ ഭാഷയിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഹിന്ദു സംഘടനകളെയും ആക്ഷേപിക്കുന്നത്. സത്യം തുറന്നു പറഞ്ഞതിന്റെ പേരിലാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. ഹിന്ദു സംഘടന നേതാക്കളെ ക്രൂശിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ഹിന്ദു സംഘടനകളെയും കൂട്ടിചേർത്ത് ഹിന്ദു ഐക്യദാർഢ്യ സമ്മേളനം ഹിന്ദു ഐക്യവേദി സംഘടിപ്പിക്കും”- ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു പറഞ്ഞു.