“ദേഷ്യപ്പെടുമ്പോൾ അപ്പുവേട്ടന്റെ മുഖം കാണാൻ നല്ല ചേലാ അമ്മായി”; നായികാ കഥാപാത്രം വേണ്ടെന്ന് വച്ച് ദമയന്തിയായ ഉർവ്വശി

Published by
Janam Web Desk

യോദ്ധയിലെ ദമയന്തി എന്ന കഥാപാത്രം വലിയ സംഭവമായിട്ടൊന്നും തോന്നുന്നില്ലെന്ന് നടി ഉർവ്വശി. സിനിമയിലെ കേന്ദ്രകഥാപാത്രത്തിന്റെ വേഷം താൻ ഉപേക്ഷിച്ചതിനാലാണ്, ആ വേഷം തന്നിലേക്ക് എത്തിയതെന്നും ഉർവ്വശി പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

‘യോദ്ധയുടെ സംവിധായകൻ സംഗീത് ശിവന്റെ ആദ്യത്തെ സിനിമ വ്യൂഹത്തിൽ ഞാൻ അഭിനയിച്ചിരുന്നു. ഞാനും രഘുവരനുമായിരുന്നു അതിലെ പ്രധാനകഥാപാത്രങ്ങൾ. അവരുടെ രണ്ടാമത്തെ സിനിമയായിരുന്നു യോദ്ധാ. ആ സമയത്ത്, ഞാൻ നല്ല തിരക്കായതിനാൽ നേപ്പാൾ വരെ പോയി വരാൻ കഴിയാത്ത സാഹചര്യമായിരുന്നു.

അതിനാൽ, യോദ്ധയിൽ നിന്നും ഞാൻ പിന്മാറിയിരുന്നു. പക്ഷെ, അവരത് ഒരു പരിഭവമായി എടുത്തിരുന്നു. അതുകൊണ്ട് എറണാകുളത്ത് പോകുന്ന വഴിയിൽ ഞാൻ ഷൊർണൂരിൽ ഇറങ്ങി. എന്നിട്ട്, ഞാൻ സത്യാവസ്ഥയും പറഞ്ഞു. എനിക്ക് തിരക്കായതുകൊണ്ടാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നും അവരോട് പറഞ്ഞു.

എന്നാൽ ഇതിലൊരു ഗസ്റ്റ്‌ റോളുണ്ട് അത് അഭിനയിച്ചിട്ട് പോയ്‌ക്കോള്ളാനാണ് അവർ എന്നോട് പറഞ്ഞത്. അന്ന് അവിടെ നിന്ന് രാത്രി വരെ വർക്ക്‌ ചെയ്തു. പിറ്റേന്ന് വെളുപ്പിന് എറണാകുളത്തേക്കും പോയി. സത്യത്തിൽ യോദ്ധയിലെ ആ ക്യാരക്ടർ അത്രയും നന്നാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇപ്പോഴും ആളുകൾ സംസാരിക്കുമ്പോൾ ആ ക്യാരക്ടറിനെ കുറിച്ച് പറയും. പക്ഷെ, എനിക്കത് വലിയൊരു സംഭവമായിട്ടൊന്നും തോന്നിയിട്ടില്ല.’- ഉർവ്വശി പറഞ്ഞു.

Share
Leave a Comment