കാസർകോട്: ബോവിക്കാനം യുപി സ്കൂളിലെ കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. ഇന്ന് സ്കൂളിൽ അദ്ധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
സാധാരണ കുട്ടികൾ പുസ്തകങ്ങൾ തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകാറുണ്ടെങ്കിലും ചില പുസ്തകങ്ങൾ ക്ലാസിൽ തന്നെ സൂക്ഷിക്കാറുണ്ട്. ഈ പുസ്തകങ്ങളാണ് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. ക്ലാസ് മുറിക്കുള്ളിൽ പ്രവേശിക്കാതെ ജനൽ വഴി ഉള്ളിലേക്ക് അജ്ഞാത സംഘം തീയിടുകയായിരുന്നു.
മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കൾ തീയിടാനും ശ്രമം നടത്തിയിരുന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമല്ല. ഈ സ്കൂളിന് നേരെ മുൻപും അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്റെ വാതിൽ തകർക്കാനും ശ്രമം നടത്തിയിരുന്നു. പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ.