ശ്രീനഗർ: ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഒരു തീവ്രവാദി കൂട്ടാളിയെ ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം അറസ്റ്റ് ചെയ്തു. വെടിമരുന്നുകളും മറ്റ് മാരക വസ്തുക്കളുമായി വാഹനത്തിൽ മച്ചിപ്പോരയിലേക്ക് പോകുന്ന വഴിയാണ് ഇയാളെ പിടികൂടിയത്.
ടർക്കിഷ് പിസ്റ്റലുകൾ, 41 പിസ്റ്റൾ റൗണ്ടുകൾ, രണ്ട് ചൈനീസ് ഗ്രനേഡ്, ഒരു ടർക്കിഷ് പിസ്റ്റൾ സൈലൻസർ, ഐഇഡി വസ്തുക്കൾ എന്നിവയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. തീവ്രവാദി കൂട്ടാളിക്കെതിരെ സോപോർ പോലീസ് സ്‌റ്റേഷനിൽ ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസും സംയുക്ത സേനയും ചേർന്ന് പരിശോധന ആരംഭിച്ചതോടെ പ്രതി കാറിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തന്ത്രപൂർവ്വമായ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് താൻ ഭീകരവാദികളുടെ സഹായിയാണെന്ന് പ്രതി മൊഴി നൽകിയത്. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.















