കുടുംബത്തോടൊപ്പം ആദ്യമായി കൽക്കി കണ്ട് അമിതാഭ് ബച്ചൻ. നാഗ് അശ്വിന്റെ ദൃശ്യാവിഷ്കാരണം ആസ്വദിക്കുന്ന അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
കൽക്കിയിലെ അമിതാഭ് ബച്ചന്റെ പ്രകടനം കണ്ട് അതിശയിച്ച് നിൽക്കുന്ന അഭിഷേക് ബച്ചന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയാണ്. വളരെ കാലത്തിന് ശേഷമാണ് പുറത്തുപോയി സിനിമ കാണുന്നതെന്നും തന്റെ ചുറ്റുമുള്ളവരുടെ ആഹ്ളാദം കണ്ട് സന്തോഷം തോന്നുന്നുവെന്നും അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു. തിയേറ്ററിനുള്ളിലെ ചിത്രങ്ങളാണ് ബച്ചൻ എക്സിൽ പങ്കുവച്ചിരിക്കുന്നത്.
മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാരുടെ ഗുരു ദ്രോണാചാര്യ മുനിയുടെ മകൻ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ കൽക്കിയിലെത്തുന്നത്. മനോഹരമായ കഥയും ദൃശ്യാവിഷ്കരണവും കൊണ്ട് ഇന്ത്യയിലുടനീളമുള്ള സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് നാഗ് അശ്വിൻ.
പ്രഭാസ്, ദീപിക പദുക്കോൺ, കമൽഹാസൻ, ശോഭന എന്നിവരുടെ പ്രകടനം ഒന്നിനൊന്ന് മെച്ചം എന്നാണ് പ്രേക്ഷകാഭിപ്രായം. തിയേറ്ററിലെത്തി ആദ്യ ദിനം തന്നെ 190 കോടി നേടിയ ചിത്രം വെറും നാല് ദിവസം കൊണ്ട് 500 കോടി കടന്നിരിക്കുകയാണ്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്.