ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്‌ട്ര സമിതി (BRS) നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കേസുകളിലാണ് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
അഭിഭാഷകരായ വിക്രം ചൗധരി, നിതേഷ് റാണ, മോഹിത് റാവു, ദീപക് നാഗർ എന്നിവർ കേസിൽ കവിതയ്‌ക്ക് വേണ്ടി ഹാജരായി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതിയെ ഇപ്പോൾ വിട്ടയച്ചാൽ അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും ജാമ്യാപേക്ഷ എതിർത്തുകൊണ്ട് സിബിഐ കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കണ്ടെത്തിയ തെളിവുകൾ പ്രതി പുറത്തിറങ്ങിയാൽ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇഡിയും കോടതിയിൽ വാദിച്ചു.
ഭരണകക്ഷി നേതാക്കൾ തന്നെ ബോധപൂർവം കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച കവിത താൻ രണ്ടുകുട്ടികളുടെ അമ്മയാണെന്നും കുട്ടികളിൽ ഒരാൾക്ക് ചികിത്സ ആവശ്യമായ അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നൽകിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് മെയ് 6 ന് കവിത സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതിയും തള്ളിയിരുന്നു.