കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാരുടെ മര്‍ദനം. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവർക്കാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മർദനത്തിൽ പരിക്കേറ്റത്.ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം,എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം. പരിക്കേറ്റതായി ആരോപിച്ച് അഭിനവും ആശുപത്രിയിലാണ്.
ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു.ഇതാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
എസ് എഫ് ഐ അക്രമത്തിൽ പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അനുവദിച്ചില്ല . തുടർന്ന് മറ്റ് അധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ അധ്യാപകനായ രമേശനെയും എസ് എഫ് ഐക്കാർ മർദിച്ചു. ഇദ്ദേഹത്തിനും പരിക്കേറ്റു .
ഒരു വിഭാഗം എസ്.എഫ്.ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു.പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.















