നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ കൽക്കി 2898 എഡി പ്രേക്ഷകരിൽ നിന്നും നേടിക്കൊണ്ട് രാജ്യത്തെങ്ങും മുന്നേറുകയാണ്. മഹാഭാരതത്തിലെ മഹാനായ പോരാളിയായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമ റിലീസായതോടെ അശ്വത്ഥാമാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുംഎല്ലാ ദിവസവും ശിവനെ ആരാധിക്കാറുണ്ടെന്നും പറയപ്പെടുന്ന നിഗൂഢമായ ഒരു കോട്ടയെപ്പറ്റിയുള്ള ചർച്ച സൈബർ ഇടങ്ങളിൽ പുരോഗമിക്കുകയാണ്.
മധ്യപ്രദേശ് സംസ്ഥാനത്ത് ബർഹാൻപൂർ നഗരത്തിന് വടക്ക് തപ്തിക്കും നർമ്മദയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണിത്.ബുർഹാൻപൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ 60 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന ഭൂതാവേശിതമായ ഈ കോട്ട അസിർഗഡ് കോട്ട എന്നാണ് അറിയപ്പെടുന്നത് . ഈ പ്രദേശത്ത് നൂറ്റാണ്ടുകളായി തലയുയർത്തി നിൽക്കുന്ന പുരാതന കോട്ടകളിൽ ഒന്നായ ഇതിന് ഒരുപാട് കഥകൾ പറയാനുണ്ട്.
ഈ കോട്ടയിൽ അതിപുരാതനമായ ഗുപ്തേശ്വര് മഹാദേവ ക്ഷേത്രംഎന്ന പേരിൽ ഒരു ശിവക്ഷേത്രവുമുണ്ട്. ആരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നതിന് കൃത്യമായ രേഖകൾ ഇല്ല. അശ്വത്ഥാമാവ് എല്ലാ ദിവസവും അതിരാവിലെ ഈ കോട്ടയിൽ ശിവനെ ആരാധിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. എല്ലാ ദിവസവും രാവിലെ ക്ഷേത്രം തുറക്കുമ്പോൾ ഇവിടെ പുതിയ പൂക്കൾ കാണാറുണ്ടെന്നും ആളുകൾ പറയുന്നു. അതുകൊണ്ടാണ് ഈ കോട്ട നിഗൂഢമായിരിക്കുന്നത്.
മലമുകളിൽ പണിതിരിക്കുന്ന കോട്ടയിൽ കൊടും ചൂടിൽ പോലും വറ്റാത്ത ഒരു കുളം ഉണ്ട്. കുളത്തിൽ നിന്ന് അൽപം അകലെയാണ് ചുറ്റും കിടങ്ങുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഗുപ്തേശ്വര് മഹാദേവ ക്ഷേത്രം. നാളിതുവരെ ആർക്കും എത്തിപ്പെടാൻ കഴിയാത്ത നിരവധി രഹസ്യപാതകൾ ഈ കിടങ്ങുകളിലുണ്ട്. ഈ രഹസ്യവഴികളിലൂടെയാണ് അശ്വത്ഥാമാവ് ഇവിടെയെത്തുന്നതെന്ന് പറയപ്പെടുന്നു.
ഇത് ഇപ്പോൾ തകർന്ന നിലയിലാണ്. വലിയ കോട്ടയ്‌ക്കുള്ളിൽ ക്ഷേത്രം കൂടാതെ ഒരു ഗുരുദ്വാര, പള്ളി, എന്നിവയുണ്ട്. അസിർഗഡ് കോട്ടയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഓരോ ഭാഗത്തിനും അതിൻ്റേതായ പേര് ലഭിച്ചു. ആദ്യ ഭാഗത്തെ അസിർഗഡ് എന്നും രണ്ടാം ഭാഗം കർമാർഗഡ് എന്നും മൂന്നാം ഭാഗത്തെ മലയ്ഗഡ് എന്നും വിളിക്കുന്നു.
പൗരാണിക വിശ്വാസമനുസരിച്ച് പിതാവ് ഗുരു ദ്രോണാചാര്യരുടെ മരണത്തിന് പ്രതികാരം ചെയ്യാൻ അശ്വത്ഥാമാവ് അഞ്ച് പാണ്ഡവ പുത്രന്മാരെയും കൊല്ലുകയും അഭിമന്യുവിന്റെ മകൻ പരീക്ഷിത്തിനെ അമ്മയുടെ ഉദരത്തിൽ തന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു, . തൽഫലമായി, ഭഗവാൻ കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിച്ചു. “എല്ലാ മനുഷ്യരുടെയും ദുഷ്പ്രവൃത്തികളുടെ ഭാരം തന്റെ ചുമലിൽ വഹിക്കുമെന്നും,വാത്സല്യമോ സഹതാപമോ ലഭിക്കാതെ ഒറ്റയ്‌ക്ക് ജന്മാന്തരങ്ങളിൽ അലഞ്ഞു തിരിയുമെന്നും” ആയിരുന്നു ആ ശാപം.
അശ്വത്ഥാമാവിന്റെ മസ്തകത്തിലെ മണി (രത്‌നം) ഭഗവാൻ കൃഷ്ണൻ എടുത്തുകളഞ്ഞു. ഈ ശാപം അശ്വത്ഥാമാവിനെ കൂടുതൽ ഒറ്റപ്പെടുത്തി, ഭേദമാക്കാൻ കഴിയാത്ത നിശിത രോഗങ്ങളും അനുഭവിച്ചു കൊണ്ട് അദ്ദേഹത്തിന് സമൂഹത്തിൽ നിന്ന് അകന്ന് പൂർണ്ണമായും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു എന്നാണ് വിശ്വാസം. ഈ ശാപം കലിയുഗാവസാനം വരെ തുടരുമെന്ന് പറയപ്പെടുന്നു. കലിയുഗം അവസാനിക്കുമ്പോൾ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരത്തിനു കാലമാകുമെന്നും അന്ന് അശ്വത്ഥാമാവ് ശാപമോക്ഷം നേടുമെന്നും വിശ്വസിക്കപ്പെടുന്നു.
എന്നാൽ , കഴിഞ്ഞ 5000 വർഷങ്ങളായി അശ്വത്ഥാമാവ് അസീർഗഡ് കോട്ടയ്‌ക്ക് ചുറ്റും കറങ്ങിനടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. രാത്രിയിൽ കോട്ടയ്‌ക്ക് ചുറ്റും അലഞ്ഞുനടക്കുന്ന അശ്വത്ഥാമാവ് നെറ്റിയിൽ നിന്ന് രക്തസ്രാവം ഭേദമാക്കാൻ മഞ്ഞളും എണ്ണയും ലേപനം ചെയ്യുന്നതായും ചിലർ വിശ്വസിക്കുന്നു. രാത്രി കോട്ടയിൽ തങ്ങിയാൽ അശ്വത്ഥാമാവിനെ കാണാമെന്നും അങ്ങിനെ കാണുന്നവരോട് നെറ്റിയിലെ രക്തം നിർത്താൻഅദ്ദേഹം മഞ്ഞളും എണ്ണയും ചോദിക്കും എന്നും വിശ്വസിക്കപ്പെടുന്നു. ഇന്നുവരെ, അങ്ങിനെ അദ്ദേഹത്തെ കണ്ട ആർക്കും മാനസിക സ്ഥിരത നഷ്ടപ്പെടുകയോ ഭ്രാന്ത് പിടിക്കുകയോ ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.
കോട്ടയുടെ ഓരോ നിലയും ഒരു കോട്ടയായിരുന്നു.വിവിധ സ്ഥലങ്ങളിലെ കാവൽ പോയിൻ്റുകളാൽ നിറഞ്ഞിരിക്കുന്ന കോട്ടയുടെ മതിലുകൾ കുന്നിന് ചുറ്റും പരന്നു കിടക്കുന്നു. അതിനാൽ, ഏതെങ്കിലും അക്രമിക്ക് അസീർഗഡ് കോട്ട അട്ടിമറിക്കണമെങ്കിൽ, ഒന്നല്ല, മൂന്ന് കോട്ടകൾ കീഴടക്കേണ്ടതായിരുന്നു.
ഏറ്റവും വലിയ മുഗൾ ചക്രവർത്തിയായ അക്ബറിനു പോലും ഈ കോട്ടയുടെ ശക്തി അനുഭവിക്കേണ്ടി വന്നു. ആറ് മാസത്തെ യുദ്ധത്തിൽ ഏർപ്പെട്ടതിന് ശേഷം, ശക്തികൊണ്ട് കോട്ട കീഴടക്കുക സാധ്യമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. കോട്ടയുടെ പീരങ്കികൾ കുന്നിൻ മുകളിൽ നിലയുറപ്പിച്ചിരുന്നു, അവ മുഗൾ തോക്കുകളുടെ പരിധിക്ക് പുറത്തായിരുന്നു, അത് അക്ബറിന്റെ സൈന്യത്തിന് നേരെ വെടിവയ്പ്പ് തുടർന്നു.
ഇതോടെ അക്ബർ മറ്റൊരു തന്ത്രത്തിലേക്ക് മാറി. അദ്ദേഹം സൈന്യവുമായി പീരങ്കികളുടെ പരിധിയിൽ നിന്ന് പിൻവാങ്ങി.പിന്നീട് 5 ലക്ഷത്തിലധികം ആളുകളുമായി കുന്ന് വളഞ്ഞ് ഉപരോധിച്ചു. ഒരു വർഷത്തിനുള്ളിൽ, കോട്ടയ്‌ക്കുള്ളിലെ സാധനങ്ങൾ തീർന്നു, അതിനെ തുടർന്ന് കോട്ട കീഴടങ്ങി എന്നൊരു വാദമുണ്ട്. പക്ഷെ രാജകുടുംബവും വിശ്വസ്തരായ മറ്റ് യോദ്ധാക്കളും അജ്ഞാതമായ ഒരു വഴിയിലൂടെ രക്ഷപ്പെട്ടതായും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ചരിത്രം. കോട്ടയ്‌ക്കകത്ത് അസിർ മസ്ജിദ് എന്നറിയപ്പെടുന്ന മിനാരങ്ങളുള്ള ഫറോഖി കാലഘട്ടത്തിലെ ഒരു നശിപ്പിക്കപ്പെട്ട പള്ളിയുണ്ട്.
ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് കടക്കുതിനുള്ള തന്ത്രപ്രധാനമായ സ്ഥാനമാണ് ബുർഹാൻപൂരിനുള്ളത്. മഹാഭാരത കാലത്ത് ഇവിടെ ഖാണ്ഡവ വനം ഉണ്ടായിരുന്നുവെന്നും അത് അർജ്ജുനൻ അഗ്നിദേവന് വേണ്ടി കത്തിച്ച് ചാരമാക്കിയെന്നുമാണ് മഹാഭാരതം പറയുന്നത്.
അസിർഗഡ് കോട്ടയിൽ എങ്ങനെ എത്തിച്ചേരാം
വിമാനമാർഗ്ഗം: ഇൻഡോർ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്,അസിർഗഡ് കോട്ടയിൽ നിന്ന് 183 കിലോമീറ്റർ മാത്രം അകലെയാണ് ഇൻഡോർ വിമാനത്താവളം
റെയിൽ മാർഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ബുർഹാൻപൂർ സ്റ്റേഷനാണ്.