നൈറോബി : കെനിയയിൽ നികുതി വർധനയ്‌ക്കെതിരെയുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 39 പേര് കൊല്ലപ്പെട്ടതായി കെനിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ . സംഭവത്തിൽ 361 പേർക്ക് പരിക്കേറ്റതായും കെനിയൻ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ജൂൺ 18 മുതൽ ജൂലൈ 1 വരെയുള്ള കണക്കാണിത്. സംഭവത്തിൽ 32 പേരെ കാണാതായതായും 627 പേരെ അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
പ്രക്ഷോഭം പടരുന്നതിനിടെ കൊള്ളയും വ്യാപകമായി. നികുതി വർധനയ്‌ക്കെതിരെ സമാധാനപരമായി നടന്നു പ്രക്ഷോഭം കഴിഞ്ഞ ചൊവ്വാഴ്ചയോടെ അക്രമാസക്തമാവുകയായിരുന്നു. ബാരിക്കേഡുകൾ ഭേദിച്ചെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവയ്പും നടത്തിയിരുന്നു.
പ്രസിഡന്റ് വില്യം റൂട്ടോ അധികാരത്തത്തിലെത്തിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൂടിയാണിത്. 19 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് എന്നാണ് പ്രസിഡണ്ട് ഒരഭിമുഖത്തിൽ പറഞ്ഞത്. ഇതിന്റെ ഇരട്ടിയോളമാണ് മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ. തന്റെ കൈയിൽ ആരുടേയും രക്തക്കറ പുരണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിടുന്നതായും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. പ്രതിഷേധം പടർന്നതോടെ നികുതി വർദ്ധിപ്പിച്ചുളള ബില്ലിൽ ഒപ്പുവെയ്‌ക്കില്ലെന്ന് റൂട്ടോ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധക്കാർ കടന്നുകയറുകയും തീയിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച കെനിയയിൽ പ്രക്ഷോപം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രക്ഷോഭം നടക്കുന്ന സ്‌ഥലങ്ങളിൽ പോകരുതെന്നും അത്യാവശ്യമുള്ള സ്‌ഥലങ്ങളിൽ മാത്രമേ പുറത്തിറങ്ങാവു പ്രക്ഷോഭം പുറത്തിറങ്ങാവൂ എന്നുമായിരുന്നു മുന്നറിയിപ്പ്.















