മലപ്പുറം: ”പ്രിയപ്പെട്ട എംഎൽഎയ്ക്ക്.. റോഡിലെ കുണ്ടും, കുഴിയും, ചെളിയും കാരണം സ്കൂളിലേക്ക് പോകാൻ ബുദ്ധിമുട്ടാണ്. റോഡ് നന്നാക്കി തരണം..” ഇതൊരു കത്തിന്റെ തുടക്കമാണ്. ഇത്തരത്തിൽ ഒന്നല്ല, രണ്ടല്ല നൂറോളം കത്തുകളാണ് കൊണ്ടോട്ടിയിലെ മേലേ പുതുക്കോട് ഭാഗത്ത് നിന്നും എംൽഎ, എംപി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത്.
സ്കൂൾ തുറന്നെങ്കിലും ദുരിതയാത്രയാണെന്നാണ് മലപ്പുറത്തെ വിദ്യാർത്ഥികളുടെ പരാതി. കൊണ്ടോട്ടിയിലെ മേലേ പുതുക്കോട്-കാടേപ്പാടം റോഡിൽ നിറയെ ചെളിയാണ്. 15 വർഷമായി റോഡ് ഉണ്ടെങ്കിലും ഇതുവരെ ടാർ ചെയ്തിട്ടില്ല. യാത്രാക്ലേശം കാരണം കൊച്ചുകുട്ടികൾ ഉൾപ്പെടെ പൊറുതിമുട്ടിയാണ് ജനപ്രതിനിധികൾക്ക് കുട്ടികൾക്ക് കത്തെഴുതേണ്ടിവന്നത്.
റോഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ പണം ഉപയോഗിച്ച് പണികൾ ആംഭിച്ചെങ്കിലും റോഡിന്റെ ടാറിംഗ് പൂർത്തിയായില്ല. പിന്നീട് യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് പണി പൂർത്തിയാക്കാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരന്തരം കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് എംഎൽഎയ്ക്ക് കത്തെഴുതാൻ കുട്ടികൾ തയ്യാറായത്. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.